KOYILANDY DIARY.COM

The Perfect News Portal

സബ്‌സിഡി ഉൽപ്പന്നങ്ങൾ; സപ്ലൈകോയ്ക്ക് അധികചെലവ് മാസം 35 കോടി

തിരുവനന്തപുരം: പതിമൂന്നിന സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ അധികമായി ചെലവിടുന്നത്‌ മാസം ശരാശരി 35‌–-40 കോടിവരെ തുക. വർഷം ശരാശരി 425 കോടിയും. കൂടുതൽ തുകയ്‌ക്ക്‌ വാങ്ങി 2016ലെ വിലയ്‌ക്ക്‌ സാധനങ്ങൾ ലഭ്യമാക്കുകയാണ്‌ ചെയ്യുന്നത്‌. ആദ്യകാലങ്ങളിൽ ശരാശരി 15 കോടി രൂപയായിരുന്നു ഇത്‌. പൊതുവിപണിയിൽ പിന്നീട്‌ വില കയറിയപ്പോൾ അത്‌ ചിലമാസങ്ങളിൽ 46 കോടി രൂപവരെ എത്തി. 

ഇനങ്ങളും സപ്ലൈകോ വിലയും. ചെറുപയർ: 76 രൂപ, ഉഴുന്ന്‌ പരിപ്പ്: 68. കടല (കറുപ്പ്‌): 45, വൻപയർ: 47, തുവരപ്പരിപ്പ്‌: 67, മുളക്‌ (500 ഗ്രാം): 39.50, മല്ലി (500 ഗ്രാം‌): 41.50, പഞ്ചസാര: 24, ജയ അരി: 25, കുറുവ അരി: 25, മട്ട അരി: 24, പച്ചരി: 23, ‌വെളിച്ചെണ്ണ (അരക്കിലോ): 46 രൂപ. 13 ഇന സാധനങ്ങൾ ഒന്നിച്ച്‌ വാങ്ങുമ്പോൾ കാർഡ്‌ ഉടമ നൽകേണ്ടത്‌ 551 രൂപ മാത്രം.

സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോ ഇതുസംബന്ധിച്ച്‌ കത്ത് സർക്കാരിന് നൽകിയിട്ടുണ്ട്. നയപരമായ തീരുമാനമാണ് ഈ വിഷയത്തിൽ സ്വീകരിക്കേണ്ടത്. താൽക്കാലിക ജീവനക്കാർക്ക് ടാർജറ്റ് നിശ്ചയിക്കുന്നതിൽ തെറ്റില്ല. സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്‌. ഇക്കാര്യത്തിൽ പന്ന്യൻ രവീന്ദ്രൻറെ വിമർശനത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.

Advertisements
Share news