മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുന്നു; കെ എൻ ബാലഗോപാൽ
കൊല്ലം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ജിഎസ്‌ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നികുതിദായകൻ സമർപ്പിക്കുന്ന റിട്ടേണിലെ ലഭ്യമാക്കുന്ന വിവരങ്ങൾ പരസ്യപ്പെടുത്താൻ പാടില്ലെന്ന് സിജിഎസ്‌ടി നിയമം 158–-ാം വകുപ്പ് നിഷ്‌കർഷിച്ചിട്ടുണ്ട്.

നിയമസഭയിൽപോലും ഇത്തരം ചോദ്യങ്ങൾക്കു മറുപടി നൽകാറില്ല. എന്നിട്ടും എംഎൽഎ എന്ന നിലയിൽ കുഴൽനാടൻ ഉന്നയിച്ച ചോദ്യത്തിനു നിയമത്തിനുള്ളിൽനിന്ന് മറുപടി നൽകി. ഐജിഎസ്‌ടി നിയമം അനുസരിച്ച് സംസ്ഥാനത്തിന് അർഹമായ നികുതി ലഭിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. നിയമം അനുസരിച്ച് നികുതി അടച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭിച്ചിട്ടുണ്ടെന്നുമാണ് മറുപടി നൽകിയത്.

2017 ജൂലൈ ഒന്നിനാണ് ജിഎസ്‌ടി നിലവിൽവന്നത്. അന്നുമുതലുള്ള നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുമുമ്പുള്ള സേവനനികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനത്തിന്റെ പരിധിയിലല്ല. അക്കാര്യങ്ങൾ കേന്ദ്രസർക്കാരിനോട് ചോദിക്കണം. മുഖ്യമന്ത്രിയെയാണ് കുഴൽനാടൻ ലക്ഷ്യമിടുന്നത്.

ഉന്നയിച്ച ആക്ഷേപത്തിന് കൃത്യമായി മറുപടി ലഭിച്ചാൽ പിന്മാറുന്നതാണ് രാഷ്‌ട്രീയമര്യാദ. ആക്ഷേപങ്ങൾ ആവർത്തിക്കുന്നത് പൊതുപ്രവർത്തകനു ചേരുന്ന രീതിയല്ല. അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ പറഞ്ഞുപോകുകയല്ല വേണ്ടത്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്‌താവനകൾ പൊതുസമൂഹം തിരിച്ചറിഞ്ഞ് അവഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

