KOYILANDY DIARY.COM

The Perfect News Portal

ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ; എം വി ഗോവിന്ദൻ

ആലപ്പുഴ: ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 77 -ാമത് പുന്നപ്ര വയലാർ വാരാചരണത്തിൻറെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്.  

ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു. ആ രാജ്യത്തിനായി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം അട്ടിമറിക്കുകയാണ് സംഘപരിവാർ. ആർഎസ്എസ് ഗുജറാത്തിൽ നടപ്പാക്കിയ തന്ത്രമാണ് മണിപ്പുരിൽ കണ്ടത്. കലാപങ്ങളിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങളെ വിഭജിക്കാൻ ആർഎസ്എസിനും ബിജെപിക്കും കഴിയുന്നതിൻറെ തെളിവാണത്.

 

മണിപ്പുർ ജനതയെ ആജന്മശത്രുക്കളാക്കിയതിൽ ഒന്നാം പ്രതി ആർഎസ്എസും രണ്ടും മൂന്നും പ്രതികൾ കേന്ദ്ര–- മണിപ്പുർ- സർക്കാരുകളുമാണ്. രണ്ട് വർഷംകൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും. അഭ്യസ്‌തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാനുള്ള പ്രവർത്തനത്തിലാണ് സർക്കാർ. ലൈഫിൽ ഇതുവരെ നാലുലക്ഷം പേർക്ക് വീട് നൽകി. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 56000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്‌. ഇടത് എം പിമാർ ഒഴികെ ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ല. 

Advertisements

 

അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ പിന്തുണയോടെ പലസ്‌തീൻ ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നു. ഇസ്രയേൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്നു. യുദ്ധനിയമം ലംഘിച്ചാണ്‌ അഭയാർത്ഥി ക്യാമ്പുകളേയും ആശുപത്രികളേയും ആക്രമിക്കുന്നത്. ഇതിന് പിന്തുണ നൽകുന്ന ഇന്ത്യയുടേത് അപകടകരമായ വിദേശനയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Share news