കൊയിലാണ്ടിയിൽ ജയിൽ ചാടിയ പ്രതി പന്തലായനി ശിവ ക്ഷേത്രത്തിൽ മോഷണം നടത്തിയതായി തെളിഞ്ഞു
കൊയിലാണ്ടിയിൽ ജയിൽ ചാടിയ മോഷണ കേസിലെ റിമാൻ്റ് പ്രതി പന്തലായനി അഘോര ശിവക്ഷേത്രത്തിലും മോഷണം നടത്തിയതായി തെളിഞ്ഞു. 2023 സപ്തംബർ മാസം 22-ാം തിയ്യതി പകൽ 1 മണിക്കും 3 മണിക്കും ഇടയിലുള്ള സമയത്താണ് പ്രതിയായ താമരശ്ശേരി തച്ചംപൊയിൽ അനസ് (26) പന്തലായനി ശിവക്ഷേത്രത്തിൽ നിന്ന് നാലോളം ഓടിൻ്റെ തൂക്കു വിളക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായി. ക്ഷേത്രത്തിൻ്റെ ചുറ്റിലും തൂക്കിയിട്ടിരുന്ന വിളക്കാണ് ആരും ഇല്ലാത്ത സമയത്ത് മോഷ്ടിച്ചത്. സിസിടിവി ദൃശ്യം പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതിയെക്കുറിച്ച് അറിവ് ലഭിച്ചത്.

ബാലുശ്ശേരി പൂനൂരിൽ സ്വകാര്യ ആശുപത്രിയിൽ ചെമ്പ് കമ്പി മോഷണം നടത്തിയതിൽ പിടികൂടി റിമാണ്ടിലായി പ്രതി അനസ് ഇന്ന് കാലത്താണ് കൊയിലാണ്ടി സബ്ബ് ജയിലിൽ കഴിയവെ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ജയിൽ ചാടിയത്. തുടർന്ന് പൂനൂരിൽ വെച്ച്തന്നെ മണിക്കൂറുകൾക്കുള്ളിൽ ജയിൽ ജീവനക്കാർ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.


സിസിടിവി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ചാടിയ പ്രതിയും ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയും ഒരാളാണെന്ന് പോലീസിന് നേരത്തെ മനസിലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്. ഇതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ നാളെ തന്നെ കൊടുക്കുമെന്നാണ് അറിയുന്നത്.

കൊയിലാണ്ടി എസ്.ഐ, പി.എം. ശൈലേഷ്, അനീഷ് വടക്കയിൽ സിപിഒ മാരായ വിജു വാണിയംകുളം, ഒ.കെ. സുരേഷ്, മനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ന് പ്രതിയെ താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിച്ചത്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധന നടത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

