KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ ഫിന്‍ലാന്‍ഡ് സംഘം കേരളത്തിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ ഫിന്‍ലാന്‍ഡ് സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിൻറെ തുടര്‍ച്ചയായാണ് ഫിലാന്‍ഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സണ്‍, ഫിന്‍ലാന്‍ഡ് അംബാസിഡര്‍, ഫിന്‍ലാന്‍ഡ് കോണ്‍സുലേറ്റ് ജനറല്‍ എന്നിവര്‍ അടങ്ങുന്ന ഉന്നതതല സംഘം കേരളത്തില്‍ എത്തിയത്.

 സംഘം മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിവിധ വിദ്യാഭ്യാസ ഏജന്‍സികളുടെ തലവന്‍മാര്‍ എന്നിവരുമായി ഒക്‌ടോബര്‍ 19 ന് ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് തൈയ്ക്കാട് ഗവ.  മോഡല്‍ ഹൈസ്‌കൂളും എല്‍.പി. സ്‌കൂളും പ്രീ പ്രൈമറി സ്‌കൂളും സംഘം സന്ദര്‍ശിക്കും.

 

2.40 ന് കോട്ടണ്‍ഹില്‍ പ്രീപ്രൈമറി ടീച്ചഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലും സംഘം സന്ദര്‍ശനം നടത്തും. ഫിന്‍ലാന്‍ഡിലെ വിദഗ്ധ സംഘം മുമ്പ് കേരളം സന്ദര്‍ശിക്കുകയും പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപക ശാക്തീകരണം, പ്രീപ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചര്‍ച്ച നടത്തുകയും വിവിധ മേഖലകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ കൂടുകയും ഉണ്ടായി. ഫിന്‍ലാന്‍ഡുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനാണ് ഈ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Advertisements
Share news