KOYILANDY DIARY.COM

The Perfect News Portal

അമേരിക്കൻ പാഠപുസ്‌തകത്തിലും കാർത്ത്യായനിയമ്മ

ആലപ്പുഴ: അമേരിക്കയിലെ ന്യൂയോർക്കിൽ സ്‌കൂൾ പാഠപുസ്‌തകത്തിലും കേരളത്തെ ആടയാളപ്പെടുത്തി കാർത്ത്യായനി അമ്മയുടെ നേട്ടത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നു. കുട്ടികൾക്ക്‌ പഠനത്തിൽ കൂടുതൽ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. സന്തത സഹചാരി സതി കാർത്ത്യായനിയമ്മയെ പുസ്‌തകം നോക്കി പഠിപ്പിക്കുന്ന ചിത്രങ്ങൾ അടക്കം പുസ്‌തകത്തിലുണ്ട്‌. എഴുത്തുകാരും പാചകവിദഗ്‌ധനും ചലച്ചിത്രകാരനുമായ വികാസ്‌ ഖന്ന കാർത്ത്യായനിയമ്മയുടെ നേട്ടം വാർത്താചിത്രമാക്കിയതോടെയാണ്‌ അമേരിക്കയിൽ സ്‌കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടത്‌.

2022 തിരുവോണദിവസമാണ്‌ കാർത്ത്യായനിയമ്മ കിടപ്പിലായത്‌. കിടപ്പിലാകുന്നതിനുമുമ്പ്‌ അക്ഷരം പഠിക്കാനാഗ്രഹിച്ച കാർത്ത്യായനിയമ്മയ്‌ക്ക്‌ അക്ഷരവെളിച്ചമേകുകയും കിടപ്പിലായശേഷം ദിവസേനയെത്തി അവരെ ശുശ്രൂഷിക്കുകയും ചെയ്‌തത്‌ സാക്ഷരത പ്രേരക്‌ മുട്ടം ശ്രീരംഗം വീട്ടിൽ കെ സതിയായിരുന്നു. ചൊവ്വ അർധരാത്രിയിൽ കാർത്ത്യായനിയമ്മയുടെ മരണം സ്ഥിരീകരിക്കുമ്പോഴും സതി അവരുടെ വീട്ടിലുണ്ടായിരുന്നു. കിടപ്പിലായ സമയത്ത്‌ പാലിയേറ്റീവ്‌ കെയർ സെൻററിൽനിന്ന്‌ മരുന്നുകളും ഉപകരണങ്ങളുമെല്ലാം എത്തിച്ചിരുന്നത്‌ ഇവരാണ്‌.

 

കാർത്ത്യായനിയമ്മയ്‌ക്ക്‌ ആദ്യാക്ഷരം പറഞ്ഞുകൊടുത്തതും സാക്ഷരത പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിച്ചിച്ചതും സതിയാണ്‌. നാരീപുരസ്‌കാരം വാങ്ങാൻ ഡൽഹി രാഷ്‌ട്രപതി ഭവനിൽ എത്താൻ കാർത്ത്യായനിയമ്മയ്‌ക്കൊപ്പം സതിയും കാർത്ത്യായനിയമ്മയുടെ മകൾ അമ്മിണിയമ്മയുമുണ്ടായിരുന്നു. 2018 മാർച്ച്‌ എട്ടിന്‌ വനിതാദിനത്തിലാണ്‌ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൽനിന്ന്‌ നാരീ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. തിരിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നുപേരെയും ഔദ്യോഗിക ബഹുമതികളോടെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലെത്തിച്ചത്‌.

Advertisements

 

പത്താംക്ലാസും പാസാകുമെന്ന്‌ പറഞ്ഞാണ്‌ കാർത്ത്യായനിയമ്മ മുഖ്യമന്ത്രിയോട്‌ യാത്രപറഞ്ഞ്‌ ഇറങ്ങിയത്‌. പത്താംതരം തുല്ല്യതയെന്ന സ്വപ്‌നം ബാക്കിയാക്കിയാണ്‌ കാർത്യായനിയമ്മ വിടവാങ്ങിയത്‌. സംസ്‌കാരം ഔദ്യോഗിക ബഹുമതിളോടെ വ്യാഴം പകൽ 11ന്‌ വീട്ടുവളപ്പിൽ നടത്തും. കേരളത്തിൻറെ അഭിമാനമാണ് കാർത്യായനിയമ്മയെന്നും ഒരു മാതൃകാ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

Share news