KOYILANDY DIARY.COM

The Perfect News Portal

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌

കോഴിക്കോട്‌: ബിസിനസുകാരൻറെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. അമേരിക്കൻ ഐപി വിലാസത്തിലുള്ള വൈബ്‌സൈറ്റ്‌ ഉപയോഗിച്ചാണ്‌ പണം തട്ടിയത്‌. ഇതിൽ എടിഎം കാർഡ്‌ ഉപയോഗിച്ച്‌ ഡൽഹിയിൽനിന്ന്‌ പണം പിൻവലിച്ചിട്ടുണ്ട്‌. ഇത്‌ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

ക്രിപ്‌റ്റ്‌ കോയിൻ ഇടപാട്‌ നടത്തിയ വെബ്‌സൈറ്റുകളും പൊലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌. വാട്‌സാപ്പിലും ടെലഗ്രാമിലുമായി ഒന്നിലേറെ ലിങ്കുകൾ ഉപയോഗിച്ചാണ്‌ ഇടപാട്‌ നടന്നത്‌. കഴിഞ്ഞ ജൂണിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവാണ്‌ മലപ്പുറം സ്വദേശിയും കോഴിക്കോട്‌ താമസക്കാരനുമായ വ്യാപാരിയെ ഇടപാടിന്‌ നിർബന്ധിച്ചത്‌. വൻ തുക പ്രതിഫലം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്‌. നിക്ഷേപിച്ച തുക ഇരട്ടിക്കുന്നതായി വ്യാജ വെബ്‌സൈറ്റ്‌ വഴി അറിയിച്ചു. ഇതിൽ വിശ്വസിച്ചാണ്‌ വ്യാപാരി കൂടുതൽ തുക നിക്ഷേപിച്ചത്‌.

ഒടുവിൽ പണം പിൻവലിക്കാൻ തീരുമാനം അറിയിച്ചപ്പോൾ നിക്ഷേപത്തിന്റെ 20 ശതമാനം തുക നികുതിയായി അടയ്‌ക്കാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയാണ്‌ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകിയത്‌. സൈബർ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വെബ്‌സൈറ്റ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌. 33 തവണകളായാണ്‌ ഇയാളുടെ അക്കൗണ്ടിൽനിന്ന്‌ പണം കൈമാറിയത്‌. പണം പിൻവലിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

Advertisements

 

Share news