KOYILANDY DIARY.COM

The Perfect News Portal

വെസ്‌റ്റ്‌ഹിൽ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം

കോഴിക്കോട്‌: വെസ്‌റ്റ്‌ഹിൽ ശാന്തിനഗർ കോളനിക്കുസമീപം കോർപറേഷൻ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. കെട്ടിടം കത്തിനശിച്ചു. 13 യൂണിറ്റ്‌ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ട്‌ മണിക്കൂറിലേറെ സമയമെടുത്താണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. പൂർണമായി അണയ്‌ക്കാൻ 10 മണിക്കൂറെടുത്തു. റോഡും പൊതുഇടങ്ങളും ശുചീകരിക്കുമ്പോൾ ശേഖരിച്ച അജൈവ മാലിന്യമാണിവിടെയുള്ളത്‌.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ കമീഷണർക്കും വെള്ളയിൽ പൊലീസ്‌ സ്‌റ്റേഷനിലും കോർപറേഷൻ പരാതിനൽകി. രാവിലെ ഒമ്പതരയോടെ തീപടരുന്നത്‌ കണ്ട നാട്ടുകാരും യാത്രികരുമാണ്‌ അഗ്നിരക്ഷാസേനയേയും അധികൃതരെയും അറിയിച്ചത്‌. പ്ലാസ്റ്റിക്‌‌‌ ഏറെയുണ്ടായതിനാൽ തീയണയ്‌ക്കാൻ സമയമെടുത്തു. വെസ്‌റ്റ്‌ഹിൽ വ്യവസായ എസ്‌റ്റേറ്റിനടുത്താണ്‌ കേന്ദ്രമെന്നത്‌ ആശങ്കയുണ്ടാക്കി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മാലിന്യം മാറ്റി മൂന്ന്‌ വശങ്ങളിൽനിന്നും വെള്ളം ചീറ്റിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. നല്ല ഉയരത്തിലുള്ള മാലിന്യക്കൂമ്പാരം പുകയുന്നതിനാൽ വൈകിട്ട്‌ ഏഴുവരെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടർന്നു. ഏഴ്‌ സ്‌റ്റേഷനുകളിൽനിന്നായി എൺപതോളം അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി. റീജണൽ ഫയർ ഓഫീസർ ടി രജീഷ്‌, ജില്ലാ ഫയർ ഓഫീസർ കെ എം അഷ്‌റഫ്‌ അലി എന്നിവർ നേതൃത്വംനൽകി. രക്ഷാപ്രവർത്തനത്തിന്‌ സഹായവുമായി ടെറിട്ടോറിയൽ ആർമി ബറ്റാലിയനും എത്തിയിരുന്നു.
പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കോർപറേഷന്റെ ഒരേക്കർ ഭൂമിയിൽ 40 സെന്റിലാണ്‌ പ്ലാന്റ്‌. നഗരം ശുചീകരിക്കുമ്പോൾ ശേഖരിക്കുന്ന മാലിന്യം ഇവിടെ എത്തിച്ചാണ്‌ കയറ്റിയയക്കുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായ കോനാരീസ്‌ ഏജൻസിക്കാണ്‌ മാലിന്യം കൊണ്ടുപോകുന്നതിനുള്ള കരാർ. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, കോർപറേഷൻ ആരോഗ്യ സമിതി അധ്യക്ഷ എസ്‌ ജയശ്രീ, ഡിസിപി കെ യു ബൈജു തുടങ്ങിയവർ സ്ഥലത്തെത്തി.

 

Share news