ഓട്ടോയിൽ യാത്രക്കാരൻ മറന്നുവച്ച പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ
കോഴിക്കോട്: ഓട്ടോയിൽ യാത്രക്കാരൻ മറന്നുവച്ച പണം തിരികെ നൽകി ഓട്ടോ ഡ്രൈവർ. ഓട്ടോറിക്ഷയിൽ മറന്നുവെച്ച 32000 രൂപ ഉടമയ്ക്ക് പോലീസ് സ്റ്റേഷൻ മുഖേന തിരിച്ച് നൽകി ഡ്രൈവറായ സാലി നാടിന് അഭിമാനമായി. എലത്തൂർ സൂപ്പിക്കുനി സാലിയാണ് കോഴിക്കോടൻ ഓട്ടോക്കാരുടെ നന്മ ക്കൂട്ടത്തിലേക്ക് തൻറെ പേരും ചേർത്തത്. ചൊവ്വാഴ്ച രാവിലെ എലത്തൂരിൽനിന്ന് അത്തോളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്പോഴാണ് പ്രായമായ രണ്ടു പേർ കുനിയിൽക്കടവ് പാലത്തിന് സമീപത്തുനിന്ന് ഓട്ടോയിൽ കയറിയത്.

ഇരുവരെയും തിരുവങ്ങൂർ ഇറക്കി വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയിൽ ഒരു കവർ സാലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുറന്നപ്പോൾ 32,000 രൂപയുണ്ടായിരുന്നു. ഉടൻ എലത്തൂർ സ്റ്റേഷനിൽ അറിയിച്ചു. സിഐടിയു എലത്തൂർ സെക്ഷൻ സെക്രട്ടറി മുഖാന്തരം അന്വേഷണവും ആരംഭിച്ചു. തിരുവങ്ങൂർ സ്വദേശി ജനാർദനൻറേതാണ് പണമെന്ന് ഒരു മണിക്കൂറിനകം ഓട്ടോ തൊഴിലാളികൾ കണ്ടെത്തി. തുടർന്ന് ജനാർദനൻറെ മകൻ എലത്തൂർ സ്റ്റേഷനിലെത്തി പണമട ങ്ങിയ കവർ ഏറ്റുവാങ്ങി.

