KOYILANDY DIARY.COM

The Perfect News Portal

റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം; മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്‌ പ്രകാരമാണ്‌ കരാറുകൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം. കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന്‌ നൽകുന്നതാണ്‌ വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ്‌.

കരാറുകൾ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്‌ക്ക്‌ വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന്‌ സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നും ചീഫ്‌ സെക്രട്ടറി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ്‌ മന്ത്രിസഭായോഗ തീരുമാനം. യുഡിഎഫ്‌ സർക്കാരിൻറെ കാലത്തുണ്ടാക്കിയ കരാറിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ്‌ റഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കിയത്‌.

 

ഇതോടെ സർക്കാരുമായി ദീർഘകാല കരാറിലേർപ്പെട്ടിരുന്ന മൂന്ന്‌ കമ്പനികൾ കേരളത്തിന്‌ വൈദ്യുതി നൽകാനാവില്ലെന്ന്‌ നിലപാടെടുത്തു. പുതിയ കരാറിന്‌ കെഎസ്‌ബി ടെൻഡർ വിളിച്ചിരുന്നു. എന്നാൽ, ഏഴര രൂപയ്‌ക്ക്‌ മുകളിലാണ്‌ ഒരു യൂണിറ്റിന്‌ കമ്പനികൾ ആവശ്യപ്പെട്ടത്‌. നേരത്തെ യൂണിറ്റിന്‌ 4.26 രൂപ പ്രകാരം 465 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ലഭിച്ചിരുന്നത്‌. പുതിയ ടെൻഡർ വിളിച്ച്‌ കരാറിലേർപ്പെടുന്നത്‌ സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടാക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisements

 

Share news