KOYILANDY DIARY.COM

The Perfect News Portal

സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്ടോക്ക്: സിക്കിമിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. നിരവധി സൈനികവാഹനങ്ങളും കാണാതായിട്ടുണ്ട്. 

മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികരെ കാണാതായത്. ചുങ്താങ് അണക്കെട്ടിൽനിന്ന് വെള്ളം ഒഴുക്കിവിട്ടത്തും സാഹചര്യം മോശമാക്കി. നദിയിൽ 15 മുതൽ 20 അടിവരെ ജലനിരപ്പുയർന്നു. പ്രളയത്തിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

 

പശ്ചിമബംഗാളിനേയും സിക്കിമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത പത്തിൻറെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പല റോഡുകളും ഗതാഗതയോഗ്യമല്ലാതായി. സിങ്‌ടാമിൽ ടീസ്ത നദിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു. നഗരത്തിലെ സിങ്തം സീനിയർ സെക്കൻഡറി സ്കൂളിൽ താൽകാലിക ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

Advertisements
Share news