കുന്ന്യോറമലയിൽ ബൈപ്പാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു: റോഡ് പൂർണ്ണമായും മണ്ണിനടിയിലായി
കൊയിലാണ്ടി: കനത്ത മഴയിൽ കൊല്ലം കുന്ന്യോറമലയിൽ ബൈപ്പാസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡ് പൂർണ്ണമായും മണ്ണിനടിയിലായി. ഇന്നലെ രാത്രിയാണ് സംഭവം. എസ്.എൻ.ഡി.പി. കോളജിന് സമീപം കുറ്റാണി മീത്തലാണ് അപകടം ഉണ്ടായത്. 15 മീറ്റർ ഉയരമുള്ള ചെങ്കുത്തായ സ്ഥലത്താണ് മണ്ണിടിഞ്ഞത്. ഇവിടെ അപകട ഭീഷണി നിലനിൽക്കുന്നതായി നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള വീടുകൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇവിടെ റോഡിനായി മണ്ണെടുത്തതെന്ന് നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്.

സർവ്വീസ് റോഡും മെയിൻ റോഡും പൂർണ്ണമായും മണ്ണിനടിയിലാണുളളത്. സമീപ പ്രദേശത്തേക്ക് പോകാൻ നാട്ടുകാർ ഈ റോഡാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ബാക്കിയുളള ഭാഗവും എത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണുള്ളത്. ഇത് വൻ അപകടസാധ്യതയാണ് ഉണ്ടാക്കുക. അടിയന്തരമായി മണ്ണ് മാറ്റി അപകട സാധ്യത ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇപ്പോൾ നാട്ടുകാർ സ്ഥലത്ത് സംഘടിച്ച് വഗാഡിൻ്റെ വാഹനങ്ങൾ ഉൾപ്പെടെ പ്രവർത്തി തടഞ്ഞ് വെച്ച് പ്രതിഷേധിക്കുകയാണ്.


