KOYILANDY DIARY.COM

The Perfect News Portal

അറസ്റ്റിന് ഇ.ഡി കള്ളത്തെളിവ് കെട്ടിച്ചമച്ചു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ ബാങ്കിൽ നിക്ഷേപം ഇല്ല

തൃശൂർ: ഇ.ഡി കള്ളത്തെളിവ് കെട്ടിച്ചമച്ചു. പി ആര്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌. കോടതിയെ തെറ്റിധരിപ്പിക്കാന്‍ ഇഡി കോടതിയില്‍ നല്‍കിയത് മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങള്‍. ഇ ഡി സമര്‍പ്പിച്ച രേഖകളില്‍ പറയുന്ന ചന്ദ്രമതി നേരത്തെ മരിച്ചിരുന്നു. വ്യാജരേഖകൾ സമർപ്പിച്ച് പി ആർ അരവിന്ദാക്ഷനെ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

പെരിങ്ങണ്ടൂർ സ​ഹകരണബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിക്ക് 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. റിമാൻഡ്‌ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്‌. ഇതിനായി ചന്ദ്രമതിയുടെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളും സമർപ്പിച്ചു. എന്നാൽ ഇത് പ്രദേശവാസി തന്നെയായ മറ്റൊരു ചന്ദ്രമതിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവർ മരണമടഞ്ഞിരുന്നു. മകൻ ശ്രീജിത്തിനെയാണ് നോമിനിയായി നൽകിയിരിക്കുന്നത്. ഈ അക്കൗണ്ടിലെ നിക്ഷേപമാണ് പി ആര്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് ആണെന്ന വ്യാജേന ഇഡി വാദിച്ചത്.

പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ പെൻഷൻതുക മാത്രമാണ് എത്തുന്നത് എന്നിരിക്കെയാണ് മരിച്ചുപോയ വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഉപയോ​ഗിച്ച് പി ആർ അരവിന്ദാക്ഷന് ബിനാമി നിക്ഷേപമുണ്ടെന്ന് വരുത്തിതീർക്കാൻ ഇഡി ശ്രമിച്ചത്. വിഷയത്തിൽ വിഷമമുണ്ടെന്ന് പി ആർ അരവിന്ദാക്ഷന്റെ കുടുംബം പറഞ്ഞു.

Advertisements
Share news