നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ
കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് (28) പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും റോബിൻ ഓടി രക്ഷപ്പെടുകയായിരുന്നു.

കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തിരുന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ ഇവിടെയുണ്ടായിരുന്നു.


പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥക്ക് നേരെയും കുരച്ചെത്തിയ നായകളുടെ ആക്രമണത്തില്‍ ഒരുവിധമാണ് രക്ഷപ്പെട്ടത്. നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ടശേഷം മീനച്ചിലാറ്റിൽ ചാടിയാണ് റോബിൻ രക്ഷപ്പെട്ടത്. കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

