KOYILANDY DIARY.COM

The Perfect News Portal

സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ട, തലകുനിക്കില്ലെന്ന് ജെയ്ക്ക് സി തോമസ്

കൊച്ചി: സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ട, തലകുനിക്കില്ലെന്ന് ജെയ്ക്ക് സി തോമസ്. കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരാരൊക്കെയായാലും വെള്ളം കുടിക്കുക തന്നെ വേണമെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസ്. കരുവന്നൂരാവട്ടെ എവിടെയുമാകട്ടെ, ന്യൂനപക്ഷമായെങ്കിലും സംഭവിക്കുന്ന തട്ടിപ്പുകളെ ന്യായീകരിക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അവിടെ ജീവനക്കാരുടെയും ഭരണസമിതിയുടെയും ഭാ​ഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്. ആ തെറ്റിനെ ആ സഹകരണ സംഘത്തിന്റെ രാഷ്ട്രീയ ആശയധാര നഖശിഖാന്തം എതി‍ർക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

എന്നാൽ ആ തെറ്റിന്റെ പേരിൽ രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ സ​ഹകരണ പ്രസ്ഥാനങ്ങളെയാകെ മോശമാക്കാനും അതിന്റെ മറവിൽ രാഷ്ട്രീയ വേട്ട നടത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് അനുവദിച്ച് കൊടുക്കാനോ തലകുനിക്കാനോ ആവില്ല. തെറ്റുകളെ തള്ളിപ്പറയുന്നതോടൊപ്പം കൂടുതൽ ജനകീയമായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ കേരളത്തിൽ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും ജെയ്ക്ക് വ്യക്തമാക്കി.

അയ്മനത്തെ കർണാടക ബാങ്കിൽ നടന്നത് ഒറ്റപ്പെട്ട വിഷയമല്ല. ലോണ് ആപ്പുകളും പുതുതലമുറ ബാങ്കുകളും മുതലെടുക്കാൻ ശ്രമിക്കുന്നത് സാധാരണക്കാരുടെ അരക്ഷിതാവസ്ഥയെയും ദാരിദ്രത്തെയുമാണ്. അത് നമ്മുടെ നാട് തിരിച്ചറിയണം. കേരളത്തിൽ ഇടത് വലത് ബിജെപി പാർട്ടികളുടെ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഇവയിലേതെങ്കിലും പ്രസ്ഥാനം ലോൺ തിരിച്ചടയ്ക്കാത്തിന് വീട്ടിൽ കയറി നാണയത്തുട്ടുകൾ വരെ എടുത്തുകൊണ്ടുപോകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്ന് ജെയ്ക്ക് ചോദിച്ചു.

Advertisements

ഇവയെല്ലാം ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രസ്ഥാനങ്ങളാണ്. എന്നാൽ പുതുതലമുറ ബാങ്കുകൾക്ക് മുന്നിൽ ലാഭക്കൊതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Share news