KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വയലുടമ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന. സംഭവത്തിൽ നാല് യുവാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. യുവാക്കളുടെ മരണത്തിനു പിന്നിൽ‌ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കാണാതായെന്ന്‌ ബന്‌ധുക്കൾ പരാതി നൽകിയ യുവാക്കളെയാണ്‌ കുഴിച്ചിട്ടിരിക്കുന്നതെന്ന സംശയം ഏവരേയും ആശങ്കയിലാഴ്‌ത്തി. ഞായർ വൈകിട്ട്‌ വേനോലി -കൊട്ടേക്കാട്‌ റോഡിൽ അടി നടന്നശേഷം സതീഷ്‌, ഷിജിത്ത്‌ എന്നിവരെ കാണാതായിരുന്നു. തുടർന്ന്‌, ഇരുവരുടെയും ബന്‌ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ ഇവരുൾപ്പെടെയുള്ള നാലുപേർ ഒളിവിൽ പോയത്‌ സതീഷിൻറെ അമ്പലപ്പറമ്പിലെ ബന്ധുവീട്ടിലായിരുന്നു. കസബ, ടൗൺ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനുകളാണ്‌ ഇവർക്കെതിരെ കേസെടുത്തത്‌.  

Advertisements

തിങ്കൾ പുലർച്ചെ പൊലീസ്‌ ഇവരെ തേടി പ്രദേശത്ത്‌ എത്തിയിരുന്നു. പൊലീസ്‌ വാഹനം കണ്ട്‌ കൂട്ടത്തിലെ സതീഷും ഷിജിത്തും പാടത്തിനുസമീപത്തേക്കാണ്‌ ഓടിയത്‌. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ചൊവ്വാഴ്‌ച കസബ സ്‌റ്റേഷനിൽ കീഴടങ്ങി. സതീഷിനെയും ഷിജിത്തിനെയും കാണാനില്ലെന്നും പരാതിപ്പെട്ടു. പിന്നാലെയാണ്‌ കുഴിച്ചിട്ടനിലയിൽ രണ്ട്‌ മൃതദേഹങ്ങൾ കാണപ്പെട്ടത്‌. പൊലീസ്‌ വാഹനം കണ്ട്‌ ഓടിയപ്പോൾ വൈദ്യുതവേലിയിൽനിന്ന്‌ ഷോക്കേറ്റാകാം മരണമെന്നും സംശയിക്കുന്നു.

 

Share news