KOYILANDY DIARY.COM

The Perfect News Portal

ഓൺലൈൻ ലോട്ടറി തട്ടിപ്പ്‌; വീട്ടമ്മയെ കബളിപ്പിച്ച്‌ 1.12 കോടി
തട്ടിയ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: ഓൺലൈൻ ലോട്ടറി തട്ടിപ്പ്‌. വീട്ടമ്മയെ കബളിപ്പിച്ച്‌ 1.12 കോടി
തട്ടിയ നാല്‌ ഉത്തരേന്ത്യക്കാർ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയിൽനിന്നാണ് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻറെ പ്രത്യേകാന്വേഷക സംഘം റാഞ്ചിയിൽനിന്നാണ്‌ ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശി നീരജ് കുമാർ എന്നിവരെ അറസ്റ്റ്‌ ചെയ്തത്.

28 മൊബൈൽ ഫോൺ, 85 എടിഎം കാർഡ്‌, എട്ട്‌ സിം കാർഡ്‌, ലാപ്ടോപ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളുമടക്കം 1.25 ലക്ഷം രൂപ കണ്ടെടുത്തു. പ്രതികളെ ഉടൻ കേരളത്തിലെത്തിക്കും. സ്നാപ്ഡീൽ ഉപയോക്താക്കൾക്കായി ലക്കി ഡ്രോ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. തുക ലഭിക്കുന്നതിനായി സർവീസ് ചാർജ് എന്നപേരിൽ 1.12 കോടി വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുത്തു. ഇന്റർനെറ്റ്‌ ബാങ്കിങ്‌ പാസ്‌വേഡ്‌ കൈക്കലാക്കിയശേഷം ഉടമയുടെ ഫോൺ നമ്പറുകൾക്ക് പകരം തങ്ങളുടേത്‌ ബന്ധിപ്പിച്ചായിരുന്നു തട്ടിപ്പ്‌. ഇന്ത്യയിലുടനീളം ഈ സംഘം തട്ടിപ്പ്‌ നടത്തി.  

ആയിരത്തോളം ഫോൺ നമ്പറുകളും അഞ്ഞൂറോളം മൊബൈൽ ഫോൺ രേഖകളും ഇരുനൂറ്റമ്പതോളം അക്കൗണ്ടുകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്‌.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിൻറെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിഐജി ജെ ജയനാഥ്‌, എസ്‌പി എം ജെ സോജൻ, ഡിവൈഎസ്‌പി വി റോയ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥരായ സൈജു കെ പോൾ,  ടി ഡി മനോജ് കുമാർ, ജിജോമോൻ തോമസ്, യു സൗരഭ്, പി അജിത്, ആർ അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisements

തട്ടിപ്പിന്‌ 
തടയിടാൻ 1930
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായാൽ 1930 എന്ന സൈബർ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കാം.

 

Share news