മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ഇംഫാൽ: കലാപം വിട്ടൊഴിയാത്ത മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്തെയ് വിദ്യര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകള്‍ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.

അതേസമയം, കഴിഞ്ഞദിവസം മണിപ്പുരിൽ വീണ്ടും സംഘർഷം ഉണ്ടായി. കോടതി ജാമ്യം അനുവദിച്ച അഞ്ച് മെയ്തെയ് സായുധ വളണ്ടിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തതോടെയാണ് ഇംഫാൽ വെസ്റ്റിൽ സംഘർഷമുണ്ടായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്റാങ്തേം ആനന്ദിനെ 10 വർഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചവരെ സ്വീകരിക്കാൻ ഇംഫാൽ പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിന്നവർ മോയ്റാങ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്തതറിഞ്ഞ് അക്രമാസക്തരായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.

