ലാബുകൾ സജ്ജം; ഒന്നര മണിക്കൂറിനുള്ളിൽ ഫലം

കോഴിക്കോട്: ലാബുകൾ സജ്ജം. ഒന്നര മണിക്കൂറിനുള്ളിൽ ഫലം. നിപാ സാമ്പിളുകൾ 24 മണിക്കൂറും പരിശോധിക്കാൻ ജില്ലയിൽ സൗകര്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി മൊബെെൽ ലാബിൽ ഒരേസമയം 96 സാമ്പിൾ പരിശോധിക്കാവുന്ന രണ്ട് ലാബുകളുണ്ട്. ഒന്നര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. എൻഐവി പൂണെയിൽനിന്നുള്ള ബിഎസ്എൽ 3 സൗകര്യമുള്ള മൊബെെൽ ലാബ് ഉള്ളതിനാൽ നിപാ സ്ഥിരീകരണവും ഇവിടെവച്ചുതന്നെ സാധ്യമാണ്.

ഇതുവരെ 100 സാമ്പിളാണ് പരിശോധനയ്‌ക്കയച്ചത്. ഇതിൽ 83 എണ്ണം നെഗറ്റീവായി. 11 എണ്ണത്തിൻറെ ഫലം വന്നിട്ടില്ല. ആറുപേർക്ക് പോസിറ്റീവായി. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. വ്യാഴാഴ്‌ച 30 പേരെ പുതുതായി ചേർത്തു. 327 ആരോഗ്യ പ്രവർത്തകർ പട്ടികയിലുണ്ട്. 175 പേർ അടുത്ത സമ്പർക്ക പട്ടികയിലാണ്. നിയന്ത്രിത മേഖലയിലെ 10,714 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തി.

21 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ സ്വകാര്യ ആശുപത്രിയിലും 14 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണുള്ളത്. നിപാ രോഗികളുള്ള ആശുപത്രികൾ ദിവസവും രണ്ടുതവണ മെഡിക്കൽ ബോർഡ് ചേർന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. മരണപ്പെട്ടവരുടെയും നിപാ പോസിറ്റീവ് ആയവരുടെയും സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി. ഇവരുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച് സമ്പർക്ക പട്ടിക പുതുക്കും.

അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ രോഗലക്ഷണമില്ലെങ്കിലും നിപാ പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. വളണ്ടിയർ സേവനം
ഉറപ്പാക്കുമെന്ന് മന്ത്രി റിയാസ്. കോഴിക്കോട് നിപാ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ സന്നദ്ധ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സന്നദ്ധ സേവനത്തിന് നിരവധിപേർ മുന്നോട്ടുവന്നിട്ടുണ്ട്.
എന്നാൽ, എണ്ണം പരിമിതപ്പെടുത്തി കൃത്യമായ പരിശീലനം നൽകിയാണ് വളണ്ടിയർമാരെ അയക്കുക. ഇവർക്ക് ബാഡ്‌ജ് നൽകുന്നുണ്ട്. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിച്ചുചേർത്ത് പ്രതിരോധ നടപടിക്ക് രൂപം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകരുത്. സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
