KOYILANDY DIARY.COM

The Perfect News Portal

ഫറോക്കിലും ചെറുവണ്ണൂരിലും ജാഗ്രത

കോഴിക്കോട്: ഫറോക്കിലും ചെറുവണ്ണൂരിലും ജാഗ്രത. ചെറുവണ്ണൂർ സ്വദേശിയായ യുവാവിന് നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫറോക്ക് നഗരസഭാ പരിധിയിലും ജാഗ്രതാ നിർദേശം. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്കാണ് വെള്ളിയാഴ്ച നിപാ സ്ഥിരീകരിച്ചത്. തുടർന്ന് നഗരസഭയിൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ചേർന്നു. 
ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾക്ക് വിധേയമാകണമെന്ന് നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗം അഭ്യർത്ഥിച്ചു. കഴിഞ്ഞ 11ന് രാവിലെ 10നാണ് ചുങ്കത്തെ റെഡ് ക്രസൻറ് ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ചത്. പനി കൂടുതലായതോടെ വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്നുനടത്തിയ പരിശോധനയിലാണ് യുവാവിന് നിപാ സ്ഥിരീകരിക്കുന്നത്.
ഈ രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവരെ ഇതിനകം ആരോഗ്യ വിഭാഗം കണ്ടെത്തി നിരീക്ഷണത്തിലാക്കി. തിങ്കൾ രാവിലെ 10നും 14 വ്യാഴം രാവിലെ 10.30നുമിടയിൽ ചുങ്കം ക്രസൻറ് ആശുപത്രിയിൽ എത്തിയവർ സ്വയം സമ്പർക്കവിലക്കിൽ പോവണം. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും നിർദേശിച്ചു. വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആർആർടി യോഗം വിളിച്ച്‌ വിവരങ്ങൾ ശേഖരിക്കും.  മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. പ്രായമുള്ളവരും കുട്ടികളും വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചു.
യോഗത്തിൽ നഗരസഭാധ്യക്ഷൻ എൻ സി അബ്ദുൽ റസാഖ്‌ അധ്യക്ഷനായി. ഉപാധ്യക്ഷ കെ റീജ, സ്ഥിരം സമിതി അധ്യക്ഷരായ കെ പി നിഷാദ്, കെ കുമാരൻ, ഇ കെ താഹിറ, പി ബൽക്കീസ്, കെ പി സുലൈഖ, പൊലീസ് അസി. കമീഷണർ എ എം സിദ്ദീഖ്, ഇൻസ്പെക്ടർ ഹരീഷ്, എച്ച്ഐ ഷംസുദ്ദീൻ, താലൂക്ക് ആശുപത്രി എച്ച്ഐ ജാഫർ തുടങ്ങിയവർ സംസാരിച്ചു. ചെറുവണ്ണൂരിലെ നിപാ ബാധിച്ച യുവാവുമായി സമ്പർക്കത്തിലായ 49 പേരുടെ പട്ടിക തയ്യാറാക്കി.
ഇവരിൽ എല്ലാവരേയും വെള്ളിയാഴ്ചതന്നെ നിരീക്ഷണത്തിലാക്കിയതായി ചെറുവണ്ണൂർ സാമൂഹ്യാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. നേരത്തെ കോഴിക്കോട് നഗരത്തിലെ ഇഖ്റ ആശുപത്രിയിൽ ബന്ധുവുമായി ചികിത്സക്കെത്തിയപ്പോഴാണ്‌ സമ്പർക്കത്തിലൂടെ ചെറുവണ്ണൂരിലെ തൊഴിലാളിയായ യുവാവിന് രോഗബാധയുണ്ടായത്‌. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രോഗിയായ ബന്ധു 12ന് യുഎഇയിലേക്ക് തിരിച്ചുപോയി. പ്രവാസിയായ ഇയാൾ ഒഴികെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്.

 

Share news