KOYILANDY DIARY.COM

The Perfect News Portal

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ആദ്യം മരിച്ച ആളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

രോഗവ്യാപനത്തിൻറെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കും. പുണെയില്‍  നിന്ന് വിദഗ്‌ധ സംഘമെത്തി  മൊബൈല്‍ ലാബ്  സ്ഥാപിക്കും. രോഗം സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക  പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണെന്നും മന്ത്രി വിശദീകരിച്ചു.

നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.

Advertisements

വൈറസ് ഉറവിട കേന്ദ്രങ്ങളായ ആയഞ്ചേരിയിലും മരുതോങ്കരയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. ഇതിൻറെ ഇരട്ടിയോളമെങ്കിലും സമ്പര്‍ക്കമുണ്ടാകാനാണ് സാധ്യത.

Share news