KOYILANDY DIARY.COM

The Perfect News Portal

നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്. മെഡിക്കല്‍ കോളജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പുണെയിലേക്ക് അയക്കില്ല.

ജില്ലയില്‍ രണ്ടുപേര്‍ മരിച്ചത് നിപാ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ  വൈറസ് വന്നതിനെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിലേക്ക് ആരോഗ്യ വകുപ്പ് കടക്കുകയാണ്. മരിച്ച രണ്ടുപേരും രണ്ടുമാസത്തെ ഇടവേളകളില്‍ ഗള്‍ഫില്‍നിന്ന് നാട്ടില്‍ വന്നവരാണ്. എന്നാല്‍, വൈറസ് ബാധ വിദേശത്തു നിന്നാകാമെന്ന് ആരോഗ്യ വകുപ്പിന് ഉറപ്പില്ല.

ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദിന് സ്വന്തമായി തോട്ടമുണ്ട്. ഇവിടെ കൃഷിയും നടത്തുന്നുണ്ട്. ഇദ്ദേഹം പാട്ടത്തിനു നല്‍കിയ ഭൂമിയിലും കൃഷിയുണ്ട്. ഇവിടം വവ്വാലിൻറെ ആവാസ കേന്ദ്രമാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുക. സംസ്ഥാന വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും ബുധനാഴ്ച പഠനം ആരംഭിക്കും.

Advertisements

കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിൻറെ പക്ഷി സര്‍വേ വിഭാഗവും പുണെ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഡോ. ബാലസുബ്രഹ്മണ്യത്തിൻറെ നേതൃത്വത്തില്‍ വിദഗ്ധ സംഘവും പഠനത്തിനായി കേരളത്തില്‍ എത്തുന്നുണ്ട്.

Share news