ട്രെയിനുകളിൽ സ്ലിപ്പർ കോച്ചുകൾ കുറച്ച റെയിൽവെയുടെ നടപടിയിൽ പ്രതിഷേധം

കൊയിലാണ്ടി: എട്ടോളം ട്രെയിനുകളിൽ സ്ലിപ്പർ കോച്ചുകൾ കുറച്ച റെയിൽവെയുടെ നടപടിയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നിലവിലുള്ള കോച്ചുകളിൽ തന്നെ റിസർവ്വേഷൻ കിട്ടാതെ യാത്രക്കാർ വലയുകയാണ്. കഴിഞ്ഞ ഞായറാഴ്ച കൊയിലാണ്ടി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസ്സിന് ജനറൽ ടിക്കറ്റെടുത്തു നിരവധി യാത്രക്കാർ ടെയിനിൽ കയറാൻ കഴിയാതെ തിരിച്ചുപോകേണ്ടിവന്ന അനുഭവമുണ്ടായതായി അസോസിയേഷൻ സെക്രട്ടറി പി.കെ. രഘുനാഥ് പറഞ്ഞു.

ഒരു സ്ലിപ്പർ കോച്ച് കുറയുക എന്നതിനർത്ഥം അത്രയും യാത്രക്കാർ ജനറൽ കോച്ചിനെ അഭയം പ്രാപിക്കേണ്ടിവരുമെന്നാണ്. പൊതുവെ ടെയിൻ കുറവുള്ള മലബാർ മേഖലയിൽ ഇത് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ആയതിനാൽ അധികൃതർ തീരുമാനം ഉടൻ പുന:പരിശോധിക്കണമെന്ന് റെയിൽവെ പാസഞ്ചേഴ്സ് അസോസ്സിയേഷൻ ആവശ്യപ്പെടുന്നു.
