കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആടിനെ സംഭാവന നൽകി

വടകര: അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആടിനെ സംഭാവന നൽകി വടകര കോട്ടപ്പള്ളി വള്ളിയാട് അരീക്കചാലിൽ ബാബുവും കുടുംബവും. ഡൽഹിയിൽ നിർമ്മിക്കുന്ന ഓഫീസിന് സംസ്ഥാനത്തെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അക്രി സാധനങ്ങൾ സമാഹരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്. ഇതിനിടയിലാണ് കുടുംബം ആടിനെ സംഭാവന നൽകിയത്.

വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ആടിനെ ഏറ്റുവാങ്ങി. കെ എം ബാലൻ അധ്യക്ഷത വഹിച്ചു. വടകര ഏരിയാ സെക്രട്ടറി പി പി ബാലൻ, ജില്ലാ കമ്മിറ്റി അംഗം സ്മിത, ആർ കെ ചന്ദ്രൻ, ടി കെ രാമചന്ദ്രൻ, പി കെ ബാബു എന്നിവർ സംസാരിച്ചു. പി ടി കെ രാജീവൻ സ്വാഗതം പറഞ്ഞു.
