മതസ്‌പർധ വളർത്തൽ; ഷാജൻ സ്കറിയ സ്റ്റേഷനിൽ ഹാജരായി
മലപ്പുറം: മതസ്‌പർധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചുവെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുന്ന ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു.
ഇന്ന് രാവിലെ 10ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. ഹാജരായില്ലെങ്കിൽ ഇടക്കാല മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ഷാജൻ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 10 മണിയോടെ സ്റ്റേഷനിലെത്തിയ ഷാജൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നിലമ്പൂർ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്‌കറിയയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഷാജനെ ചോദ്യം ചെയ്യുന്നത്.

