പിരിച്ചുവിടൽ നാടകം ആൾമാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്
പുതുപ്പള്ളി: പുതുപ്പള്ളിയിൽ മാധ്യമ പിന്തുണയോടെ പൊലിപ്പിച്ച പിരിച്ചുവിടൽ നാടകം ആൾമാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്. വ്യാഴാഴ്‌ച പ്രതിപക്ഷനേതാവ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ച് ഒന്നും മിണ്ടിയില്ല.

മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജോലിക്കെത്തിയ സതിയമ്മ അനധികൃതമായി ജോലിയിൽ തുടർന്നതും ആൾമാറാട്ടം വ്യക്തമായതും വിവാദമായ പശ്‌ചാത്തലത്തിൽ പ്രതിപക്ഷനേതാവ് ബുധനാഴ്‌ച വിളിച്ച വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു. വ്യാഴാഴ്‌ചയും ഈ വിഷയം പൂർണമായി ഒഴിവാക്കി.
നിയമസഭയിലും മറ്റും ഉന്നയിച്ച് പലതവണ തേഞ്ഞതും നിയമസഭയിൽ നേരിട്ട് ഉന്നയിക്കാതെ ഒളിച്ചോടിയ വിഷയങ്ങളും 2021ലെ തെരഞ്ഞെടുപ്പിലടക്കം ജനം തള്ളിയതുമായ കാര്യങ്ങൾ ആവർത്തിച്ച് ഏഴു ചോദ്യങ്ങൾ മുഖ്യമന്ത്രിയോട്
ഉന്നയിക്കുന്നു എന്ന് അവകാശപ്പെട്ട വി ഡി സതീശൻ പുതുപ്പള്ളിയുടെ വികസനമടക്കം മണ്ഡലത്തിലെ ഒരു പ്രശ്‌നവും പരാമർശിച്ചില്ല. മാധ്യമപ്രവർത്തകർ ഉന്നയിച്ച ചില ചോദ്യങ്ങളിൽ മാത്രമാണ് പുതുപ്പള്ളിയും യുഡിഎഫ് സ്ഥാനാർത്ഥിയും പരാമർശിക്കപ്പെട്ടത്.
ബുധൻ പകൽ മൂന്നിന് പ്രതിപക്ഷനേതാവ് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. സതിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാൽ തന്റെ പേരുപയോഗിച്ച് വ്യാജരേഖയുണ്ടാക്കിയാണ് സതിയമ്മ ജോലിയിൽ തുടർന്നതെന്ന് ലിജിമോൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെ ആ വാർത്താസമ്മേളനം റദ്ദാക്കി.
