KOYILANDY DIARY.COM

The Perfect News Portal

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി ഓണറേറിയം വിതരണം ചെയ്യും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഓണത്തിന് മുൻപായി രണ്ട് മാസത്തെ ഓണറേറിയം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് ഓണത്തിന് മുൻപായി വിതരണം ചെയ്യുന്നത്. ഇതിനായി 50.12 കോടി രൂപ സർക്കാർ  അനുവദിച്ചതായും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നൽകിയതായും മന്ത്രി പറഞ്ഞു.

ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി ഇന്ന് മുതൽ  തന്നെ പാചകത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നൽകുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ വേതനം സെപ്റ്റംബർ 5 ന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news