KOYILANDY DIARY.COM

The Perfect News Portal

സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചെന്ന് പരാതി

കോട്ടയം: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി. സതിയമ്മ തന്റെ പേരിൽ വ്യാജ രേഖ ചമച്ചെന്നും സർക്കാർ പണം അപഹരിച്ചെന്നും കാട്ടി ഐശ്വര്യ കുടുംബശ്രീയിലെ മുൻ അം​ഗം ലിജിമോൾ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

“നാലുവർഷം മുൻപ് കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു. അതിനുശേഷം കുടുംബശ്രീയിൽ നിന്നും രാജിവെച്ചു. ക‍ഴിഞ്ഞ നാല് വർഷത്തിൽ ഒരിക്കൽ പോലും മൃഗാശുപത്രിയിൽ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്‌തിട്ടില്ല. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നു. ഐശ്വര്യ കുടുംബശ്രീ പ്രസിഡണ്ട് സുധാമോൾ, സെക്രട്ടറി ജാനമ്മ വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന അസിസ്‌റ്റൻറ് ഫീൽഡ് ഓഫീസർ ബിനുമോൻ എന്നിവർ സംഭവത്തിൽ കുറ്റക്കാരാണ്”- ലിജിമോൾ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തെ തുടർന്നാണ്‌ സതിയമ്മയെ പിരിച്ചുവിട്ടതെന്നാണ്‌ മനോരമയും മാതൃഭൂമിയും വാർത്ത നൽകിയത്‌.

Advertisements
Share news