KOYILANDY DIARY.COM

The Perfect News Portal

തുവ്വൂരിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിടയടക്കം നാലുപേർ കസ്‌റ്റഡിയിൽ

തുവ്വൂർ: പള്ളിപ്പറമ്പിൽ കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ്‌ മൂന്ന്‌ കിലോമീറ്റർ അകലെയുള്ള സുഹൃത്ത്‌ വിഷ്‌ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തിയത്‌. ഇയാളെ  പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനുമാണ്‌ വിഷ്‌ണു.

കാണാതായ സുജിതയെ അവസാനമായി ഫോൺ വിളിച്ചത്‌ വിഷ്‌ണുവാണെന്ന്‌ പൊലീസ്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ മെറ്റൽ കൂട്ടിയ സ്ഥലത്തെ മണ്ണ്‌ ഇളകിക്കിടന്നനിലയിലായിരുന്നു. മെറ്റൽ മാറ്റിയപ്പോൾ ദുർഗന്ധവുമുണ്ടായി. അലക്ക്‌ കല്ല്‌ കെട്ടാൻ കൊണ്ടിട്ട മെറ്റൽ എന്നാണ്‌ ഇയാൾ സമീപവാസികളോട്‌ പറഞ്ഞിരുന്നത്‌. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും.

 

തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സുജിത കാണാതായ ദിവസവും ജോലിക്കെത്തിയിരുന്നു. രാവിലെ 10.30ഓടെ ഡോക്‌ടറെ കാണാനെന്നുപറഞ്ഞ് പോകുകയായിരുന്നു. എന്നാൽ, ഏകദേശം 700 മീറ്റർമാത്രം അകലെയുള്ള പിഎച്ച്സിയിൽ ഇവർ എത്തിയിട്ടില്ല. ഓഫീസ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Advertisements

 

Share news