പുറക്കാട്ടിരി ചൈൽഡ് ആൻഡ് അഡോളസന്റ് ആശുപത്രി സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടാക്കും; മന്ത്രി വീണാ ജോർജ്
കോഴിക്കോട്: പുറക്കാട്ടിരിയിലെ എ സി ഷൺമുഖദാസ് സ്മാരക ചൈൽഡ് ആൻഡ് അഡോളസന്റ് ആശുപത്രി സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥാപനത്തെ ഭിന്നശേഷി സൗഹൃദ അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കും. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനം സര്‍ക്കാര്‍ സ്ഥാപനമായി അംഗീകരിക്കുന്ന ഉത്തരവ് ഉടന്‍ തയ്യാറാവും.

ആശുപത്രിക്ക് ആംബുലന്‍സ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ചത്. പഠന– പെരുമാറ്റ വളർച്ചാവൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
എട്ട് തസ്തികകൾ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. 55 തസ്തികകളാണ് ആവശ്യമുള്ളത്. കാനത്തിൽ ജമീല എംഎൽഎ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി തുടങ്ങിയവരും ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. വിദ്യാർത്ഥികളെയും അമ്മമാരെയും സന്ദർശിച്ച മന്ത്രി ആവശ്യങ്ങൾ കേട്ടു. ജനപ്രതിനിധികളും ജീവനക്കാരുമായി ചർച്ചനടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, ജില്ലാപഞ്ചായത്തംഗം റസിയ തോട്ടായി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ, തലക്കൂളത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള, വൈസ് പ്രസിഡണ്ട് കെ കെ ശിവദാസൻ, ജില്ലാ മെഡിക്കൽ ഓഫീസർ പി സി ജെസ്സി, പഞ്ചായത്ത് അംഗം ബിന്ദു, എച്ച്എംസി അംഗങ്ങളായ പി കെ സത്യൻ, കൃഷ്ണൻകുട്ടി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.ടി അമ്പിളികുമാരി, മെഡിക്കല്‍ ഓഫീസര്‍ എൻ രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.
