വർഗീയതക്കെതിരെ മഹിളകളുടെ സ്‌നേഹക്കൂട്ടായ്‌മ
കോഴിക്കോട്: വർഗീയതയ്‌ക്കും വംശീയതയ്‌ക്കുമെതിരെ സ്‌ത്രീകൾ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ‘ഇന്ത്യയെ രക്ഷിക്കൂ’ മുദ്രാവാക്യവുമായി മേഖലകളിൽ നടന്ന സ്നേഹക്കൂട്ടായ്മകളിൽ ജില്ലയിൽ വിവിധയിടങ്ങളിലായി ആയിരങ്ങൾ അണിനിരന്നു. സാംസ്‌കാരിക ഘോഷയാത്രയും ഫ്ലാഷ്‌മോബും കലാപരിപാടികളുമുണ്ടായി.

കോഴിക്കോട് കോട്ടൂളിയിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ലതിക ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല എംഎൽഎ വെങ്ങളത്തും എലത്തൂരും ജില്ലാ സെക്രട്ടറി കെ പുഷ്പജ കൂത്താളിയിലും മന്തരത്തൂരും പ്രസിഡണ്ട് ഡി ദീപ തുറയൂരും ട്രഷറർ സുധർമ ചെറുവണ്ണൂർ നല്ലളത്തും സംസ്ഥാന കമ്മിറ്റിയംഗം ഉഷാദേവി കോഴിക്കോട് ടൗണിലും ഉദ്‌ഘാടനം ചെയ്‌തു.
കാക്കൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു, കോക്കല്ലൂരിൽ സിഐടിയു അഖിലേന്ത്യാ കമ്മിറ്റിയംഗം പി പി പ്രേമ, ബാലുശേരിയിൽ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ പി അബിഷ എന്നിവർ ഉദ്‌ഘാടകരായി. സാംസ്‌കാരിക പ്രവർത്തകരും പരിപാടികളിൽ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി. തിങ്കളാഴ്‌ചയും കൂട്ടായ്‌മകൾ നടക്കും.
