അത്തം തുടങ്ങിയതോടെ കൊയിലാണ്ടിയിൽ പൂ വിപണി സജീവമായി
കൊയിലാണ്ടി: അത്തം തുടങ്ങിയതോടെ കൊയിലാണ്ടിയിൽ പൂ വിപണി സജീവമായി. കൊയിലാണ്ടി പട്ടണത്തിലെ റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലുമാണ് പൂ വിപണി തകൃതിയായി നടക്കുന്നത്. ആദ്യ ദിവസം തന്നെ നല്ല തിരക്കാണ് പൂക്കടകളിൽ അനുഭവപ്പെടുന്നത്. നാട്ടിൻ പുറത്ത് പൂക്കൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോൾ മലയാളികൾ ഇതര സംസ്ഥാനത്തെ പൂക്കളെയാണ് സമീപകാലത്ത് ഏറെയും ആശ്രയിക്കുന്നത്.

ജമന്തി, റോസാ പൂ, മഞ്ഞ ചെട്ടി, ഓറഞ്ച് ചെട്ടി, മല്ലിക, അരളി തുടങ്ങി പത്തോളം ഇനങ്ങളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. ഒരു കിലോ പൂവിന് 60 രൂപ മുതൽ 300 രൂപ വരെയാണ് വില ഈടാക്കുന്നത്. പൂക്കൾ മിക്സ് ചെയ്ത കിറ്റുകളും ലഭ്യമാണ്. 50, 100, 150, 200, 300 രൂപകളുടെ കിറ്റാണ് ഇപ്പോൾ ലഭിക്കുന്നത്. തിരക്കിനനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പൂ വിപണന കേന്ദ്രങ്ങളും വർദ്ധിക്കുമെന്നാണ്. കർണ്ണാകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമാണ് കൂടുതൽ പൂക്കൾ കേരളത്തിലേക്ക് എത്തുന്നത്. ഇതിനായി നിരവധി ഏജൻ്റുമാരും പ്രവർത്തിക്കുന്നുണ്ട്.

