കൊല്ലം റെയിൽവെ ഗേറ്റിന് സമീപം മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായി നാട്ടുകാർ
കൊല്ലം റെയിൽവെ ഗേറ്റിന് സമീപം മദ്യവിൽപ്പന തകൃതിയായി നടക്കുന്നതായി നാട്ടുകാരുടെ പരാതി. പകൽ സമയത്തുപോലും ചില കടകളിൽ മദ്യം ഒഴിച്ചുകൊടുക്കുന്നതായാണ് ഇവർ പരാതിപ്പെടുന്നത്. സമീപ പ്രദേശത്ത്നിന്നുള്ളവരാണ് ഇവിടെ താവളമാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസും അധികാരികളും മൌനംപാലിക്കുകയാണെന്നാണ് ഇവർ പറയുന്നത്. റെയിൽവെ ലൈനിൻ്റെ ഇരു ഭാഗങ്ങളിലും കുറ്റിക്കാടുകൾക്കുള്ളിൽ മദ്യവിൽപ്പന നടക്കുന്നുണ്ട്. ഇതുവഴി നടന്ന് പോകുന്ന് സ്ത്രീകൾക്കും കുട്ടികൾക്കും വിനയായി മാറിയിരിക്കുകയാണ്. റെയിൽവെ ഗേറ്റ് അടച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന തിരക്കിനുള്ളിൽ ഞെരുങ്ങിപ്പോകുന്നതിനിടെ മദ്യപരുടെ ശല്യം സഹാക്കാവുന്നതിലപ്പുറമാണെന്നാണ് അവർ പറയുന്നത്.

ഈ മേഖലയാകെ മദ്യപരുടെ വിഹാര കേന്ദ്രമായി മാറുകയാണെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. സന്ധ്യ മയങ്ങുന്നതോടുകൂടി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പ്രദേശത്തുകാരായ ചില മദ്യപൻമാർക്കും സൗകര്യത്തോടുകൂടി മദ്യപിക്കാനുള്ള ചെറു ബാറുകളായ് ഇവിടെ മാറുകയാണ്. ചില കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ടച്ചിങ്സും, സോഡയും ലഭിക്കുന്നതുകൊണ്ട് ബാറുകൾക്ക് സമാനമായ രീതിയിൽ സ്വസ്ഥമായ് മദ്യപിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പ്രദേശത്ത് സർവ്വീസ് സഹകരണ ബാങ്ക്, SNDP കോളജ്, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളും പൊതുജനങ്ങളും കടന്നുപോവുന്ന ഈ പ്രദേശത്ത് പോലീസിന്റെ പരിശോധന നടക്കുന്നില്ല എന്നുള്ളതും ഇത്തരക്കാർക്ക് ധൈര്യം നൽകുന്നുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന ചില കച്ചവടക്കാർവരെ മദ്യപർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് പരസ്യമായ രഹസ്യം. സമീപകാലത്ത് റെസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെ ഈ വിഷയം രേഖാമൂലം പോലീസിൽ പരാതിപ്പെട്ടിട്ടും തികഞ്ഞ നിഷ്ക്രിയത്വമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.

