KOYILANDY DIARY.COM

The Perfect News Portal

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌മാസ്‌റ്റർ വിജിലൻസിന്റെ പിടിയിൽ

കോട്ടയം: അധ്യാപികയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ്‌മാസ്‌റ്റർ വിജിലൻസിന്റെ പിടിയിലായി. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസിനെയാണ് മറ്റൊരു സ്‌കൂളിലെ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിടെ അറസ്‌റ്റ് ചെയ്‌തത്.

കോട്ടയം വെസ്‌റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മോഹനദാസിനുവേണ്ടിയാണ്‌ പണം വാങ്ങിയതെന്നും എഇഒയെ രണ്ടാം പ്രതിയാക്കി കേസെടുത്തതായും വിജിലൻസ് അറിയിച്ചു. വൈകാതെ എഇഒയെയും അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ സൂചന. അധ്യാപികയുടെ സർവീസ് പ്രശ്‌നം പരിഹരിച്ച് നൽകാനാണ്‌ പണം ആവശ്യപ്പെട്ടത്‌. അധിക തസ്തികാ അധ്യാപകരായി ജോലി ചെയ്‌തിരുന്ന ഒന്നര വർഷത്തോളം കാലത്തെ സർവീസ്‌ ക്രമപ്പെടുത്തി നൽകാൻ മൂന്ന്‌ അധ്യാപകരോട്‌ 50,000 രൂപയാണ്‌ ആവശ്യപ്പെട്ടത്‌.

 

നൽകാതെ വന്നതോടെ മൂന്നുപേരും 10,000 രൂപ വീതം നൽകിയാൽ മതിയെന്നായി.  കൂട്ടാളിയായ സാം പി ജോണിന്‌ പണം കൈമാറാനായിരുന്നു നിർദ്ദേശം. പണം ആവശ്യപ്പെട്ട വിവരം കോട്ടയം സ്വദേശിയായ അധ്യാപിക വിജിലൻസിനെ അറിയിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്‌തലിൻ പൗഡർ പുരട്ടിയ പണം വെള്ളിയാഴ്‌ച രാവിലെ പതിനൊന്നോടെ കൈമാറി. കാത്തു നിന്ന വിജിലൻസ്‌ സംഘം പിന്നാലെയെത്തി  പ്രതിയെ  അറസ്‌‌റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തു.

Advertisements

കോട്ടയം വെസ്‌റ്റ്‌ എഇഒ മോഹനദാസ് വലിയ ക്രമക്കേടുകൾ നടത്തിയിരുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാളും നിരീക്ഷണത്തിലായിരുന്നു. അധ്യാപകരുടെ സർവീസ്‌ പ്രശ്‌നം പരിഹരിച്ചു നൽകാനുള്ള സർക്കാർ നിർദ്ദേശം ഒന്നരമാസം മുമ്പ്‌ എഇഒയ്‌‌ക്ക്‌ ലഭിച്ചിരുന്നതായും പണം വാങ്ങാനായി സർക്കാർ ഉത്തരവ്‌ നടപ്പാക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Share news