അവശ്യസാധനങ്ങൾ എത്തി; മാവേലി സ്‌റ്റോറിൽ വൻ തിരക്ക്
കോഴിക്കോട്: മാവേലി സ്‌റ്റോറിൽ അവശ്യസാധനങ്ങൾ എത്തിയതോടെ വൻ തിരക്ക്. 13 ഇനം സബ്‌സിഡി സാധനങ്ങളിൽ മുളകിനും വൻപയറിനും കടലയ്‌ക്കും മാത്രമാണ് ക്ഷാമം. അരി ഉൾപ്പെടെ അവശ്യസാധനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെത്തി. മട്ട അരിക്ക് ക്ഷാമമുണ്ട്. പാളയം മാവേലി സ്‌റ്റോറിൽ രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. വിലവിവരപ്പട്ടികയിൽ സ്‌റ്റോക്കുള്ള സാധനങ്ങൾ ഉൾപ്പെടെ ഇല്ലെന്ന് രേഖപ്പെടുത്തി വാർത്തയിൽ ഇടംപിടച്ച സ്ഥാപനമാണിത്.

വൻ വിലക്കുറവിലാണ് മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ വിൽക്കുന്നത്. ഒരു കിലോ പരിപ്പിന് കടകളിൽ 155 രൂപയോടടുത്ത് വരുമ്പോൾ 66 രൂപയാണ് മാവേലി സ്റ്റോറിലെ വില. തുവരപ്പരിപ്പ് – 65, ചെറുപയർ- 74, മല്ലി- 79, പഞ്ചസാര- 22, വെളിച്ചെണ്ണ ലിറ്റർ – 126, അരി (കുറുവ) -25, പച്ചരി- 23 എന്നിവയാണ് സബ്‌സിഡി വിലയിൽ വിൽക്കുന്നത്.
സബ്‌സിഡി ഇതര സാധനങ്ങൾക്കും വിപണി വിലയേക്കാൾ വൻ കുറവുണ്ട്. ഉഴുന്ന് -122, തുവരപ്പരിപ്പ്- 141, ചെറുപയർ- 110, മല്ലി- 103, പഞ്ചസാര- 43.50, ചെറുപയർ പരിപ്പ്- 127, മുതിര- 101, മുത്താറി- 44, ഗ്രീൻപീസ്- 83, കടുക് -90, ഉലുവ–- 103, ശബരിചായ–- 220, മഞ്ഞ കുറുവ–- 42, പച്ചരി –-37.50, മഞ്ഞൾ–- 89 എന്നിങ്ങനെയാണ് വില.
