സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്

കോഴിക്കോട്: ബിരുദധാരികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി കോഴിക്കോട് സർക്കാർ സൈബർപാർക്കിൽ സംഘടിപ്പിച്ച ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ അവസരം ലഭിച്ചത് അമ്പതിലേറെപ്പേർക്ക്. 25 കമ്പനികളും 400ലധികം ഉദ്യോഗാർത്ഥികളുമാണ് പങ്കെടുത്തത്. കാഫിറ്റ്, ഐസിടി അക്കാദമി കേരള, സ്റ്റാർട്ട് അപ്പ് മിഷൻ, ജി ടെക്, കേരളാ നോളജ് എക്കോണമി മിഷൻ തുടങ്ങിയവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈബർ പാർക്കിന് പുറമേ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ വിവിധ ഐടി/ഐടിഇഎസ് കമ്പനികളിലും ആറുമാസം ഇന്റേൺഷിപ്പിന് അവസരം ലഭിക്കും. മാസം 5000 രൂപ ഗവ. സബ്‌സിഡി ഉൾപ്പടെ 10,000 രൂപയോ അതിൽ കൂടുതലോ പ്രതിമാസ സ്റ്റൈപെൻഡും ഇന്റേൺഷിപ്പ് കാലത്ത് ലഭിക്കും.
സംസ്ഥാനതലത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്കുകളായ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഈ എഡിഷനിൽ ആകെ 380 കമ്പനികളും 7436 ഉദ്യോഗാർത്ഥികളും രജിസ്റ്റർ ചെയ്തു.
