KOYILANDY DIARY.COM

The Perfect News Portal

പോസ്റ്റിൽ കയറണ്ട; ലൈനിലെ അറ്റകുറ്റപ്പണിക്ക് ഇനി എയർ ലിഫ്‌റ്റ്‌

പത്തനംതിട്ട: വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ കയറേണ്ട. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്.
എല്ലാ ജില്ലയിലും ഓരോ എയർ ലിഫ്‌റ്റ്‌ വാഹനങ്ങളാണ്‌ നൽകിയത്. പത്തനംതിട്ടയിലും വാഹനം എത്തി. പത്തനംതിട്ട സബ്‌ ഡിവിഷനാണ്‌ വാഹനം നൽകിയിരിക്കുന്നത്‌. ഏണി ഉപയോഗിച്ച്‌ കയറുമ്പോൾ താഴെ വീഴും എന്ന ഭയം ഉണ്ടങ്കിൽ പുതിയ സംവിധാനത്തിൽ ഭയത്തിന്റെ ആവശ്യമില്ല. ലിഫ്‌റ്റിന്‌ മുകളിൽ ഘടിപ്പിച്ച കൂട പോലെയുള്ള ഭാഗത്ത്‌ സുരക്ഷിതമായി നിന്ന്‌ ജോലി ചെയ്യാം. 9 മീറ്റർ ഉയരത്തിൽ വരെ ഈ സംവിധനം ഉപയോഗിച്ച്‌ എത്താൻ കഴിയും.
ഗുഡ്‌സ്‌ കാരിയർ വാഹനത്തിലാണ്‌ ലിഫ്‌റ്റ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന ലിവർ ഉപയോഗിച്ചാണ്‌ ലിഫ്‌റ്റ്‌ പ്രവർത്തിപ്പിക്കുക. രാജസ്ഥാൻ ആസ്ഥാനമായ കമ്പനിയാണ്‌ പുത്തൻ സംവിധാനം രംഗത്തെത്തിച്ചത്‌. ഇതുവഴി ആയാസരഹിതമായി ജോലി ചെയ്യാൻ കഴിയുന്നെന്ന്‌ ജീവനക്കാർ പറയുന്നു.

 

Share news