കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള സാങ്കേതികാനുമതി ഉടൻ

കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള സാങ്കേതികാനുമതി ഉടൻ നൽകും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കെടിഡിഎഫ്‌സിക്ക് കൈമാറും.

ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ച ന്യായവില കണക്കാക്കിയാകും ഭൂമി കൈമാറുക. ഈ ഭൂമി ബാങ്കിൽ പണയപ്പെടുത്തിയാണ് കെട്ടിടം അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്തുക. 32.68 കോടി രൂപ അറ്റകുറ്റപ്പണികൾക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയിലെ പ്രബൽ എൻജിനിയേഴ്‌സാണ് ടെൻഡറെടുത്തത്.
സാങ്കേതികാനുമതി ലഭിച്ചാൽ ഇവരുമായി കെടിഡിഎഫ്‌സി കരാർ ഒപ്പിടും.
കെട്ടിടത്തിന്റെ 80 ശതമാനം ബീമുകളും 98 ശതമാനം തൂണുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് ഐഐടി നിഗമനം. പണി നടക്കുമ്പോൾ രണ്ടുമാസത്തേക്ക് കെഎസ്‌ആർടിസി സ്‌റ്റാൻഡ് ഇവിടെനിന്ന് മാറ്റേണ്ടിവരും.
