ഖബറടക്കം വെെകിട്ട് 6ന്. സിദ്ദിഖിന് ആദരാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരമഭിച്ചതോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കെ എസ് പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെതന്നെയെത്തി എത്തി. ഫഹദ് ഫാസിൽ, ജനാർദനൻ, സിബി മലയിൽ, ലാൽജോസ്, ബി ഉണ്ണികൃഷ്ണൻ, സീനത്ത്, നടൻ സിദിഖ്, ഇന്ദ്രൻസ്, ബെന്യാമിൻ, ആലപ്പി അഷറഫ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

രാവിലെ എട്ടര മണിയോടെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. ഇന്നലെ രാത്രി കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ എത്തിച്ച മൃതേദഹം അവിടെനിന്നുമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. 12 മണിയോടെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

മലയാളത്തിന് മനസ്സുതുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ സിദ്ദിഖ് ഓർമയാവുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വ രാത്രി 9.10നായിരുന്നു അന്ത്യം. ഒരുമാസമായി കരൾരോഗത്തിന് ചികിത്സയിലായിരുന്നു. ന്യുമോണിയകൂടി ബാധിച്ച് നില മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. ഞായറാഴ്‌ച ഹൃദയാഘാതത്തോടെ നില അതീവ ഗുരുതരമാകുകയായിരുന്നു.

