KOYILANDY DIARY

The Perfect News Portal

കാവേരി അമ്മയാണ്, മകളാണ്, ഭാര്യയാണ്!

കാവേരി എന്ന വാക്ക് ഒരു വികാരവും വിവാദ വിഷയവുമായി മാറുന്ന ഈ സമയത്ത് ഒരു സഞ്ചാരിയെന്ന നിലയില്‍ കാവേരി നദിയേക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് കൗതുകകരമായ കാര്യമായിരിക്കും.

ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന കാവേരി തെക്കേ ഇന്ത്യയിലെ ഒരു പുണ്യ നദി കൂടിയാണ്. കാവേരി എന്നാല്‍ ഭാര്യയാണ്, ദേവിയാണ്, അമ്മയാണ്, മകളാണ്.

കുടക് മലയില്‍ ജന്മം കൊണ്ടവള്‍

Advertisements

കന്നഡിഗര്‍ക്ക് കാവേരി ഒരു വികാരമായി മാറാന്‍ കാരണം, കാവേരി ജന്മം കൊണ്ട് കന്നഡക്കാരിയാണ്. കുടക് മലനിരകളിലെ തലക്കാവേരിയാണ് കാവേരിയുടെ ജന്മസ്ഥലം. കൊടഗ് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിലാണ് തലക്കാവേരി സ്ഥിതി ചെയ്യുന്നത്.

 

തലക്കാവേരിയില്‍ കാവേരി ദേവിയാണ്. ഇവിടെ കാവേരി ദേവിക്കായി സമര്‍പ്പിച്ചിട്ടുള്ള ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. കാവേരിയുടെ ഉത്ഭവ സ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന ചെറിയ ഒരു കുളവും ഇവിടെ കാണാം.

കര്‍ണാടകയില്‍ പിറവിയെടുത്ത കാവേരി തമിഴ് നാട്ടിലൂടെ ഒഴുകി പൂമ്ബുഹാറില്‍ വച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുകയാണ്. അതുകൊണ്ട് തന്നെ കാവേരി നദിക്ക് തമിഴ് നാട്ടിലും വലിയ പ്രാധാന്യമുണ്ട്.

കേരളം, തമിഴ് നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ കൂടാതെ കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലൂടെയുമാണ് കാവേരി ഒഴുകുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയുമാണ് കാവേരി.

അഗസ്ത്യ മുനിയുടെ ഭാര്യയാണ് കാവേരി എന്ന് ചില ഐതിഹ്യങ്ങളില്‍ പറയുന്നുണ്ട്. ബ്രഹ്മഗിരി മലയില്‍ ധ്യാനത്തില്‍ ഇരിക്കുന്ന കാവേരിയേ കണ്ടപ്പോള്‍ അഗസ്ത്യ മുനിക്ക് അനുരാഗം തോന്നി, കാവേരിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ഒരു നിബന്ധന വച്ചാണ് കാവേരി ആ അഭ്യര്‍ത്ഥന സ്വീകരിച്ചത്.

ജീവിതകാലത്ത് എപ്പോഴെങ്കിലും തന്നെ ഉപേക്ഷിച്ച്‌ കുറേ നാളത്തേക്ക് പോയാല്‍ അഗസ്ത്യനുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്നാണ് കാവേരിയുടെ നിബന്ധന. പക്ഷെ ഒരിക്കല്‍ അഗസ്ത്യന് കാവേരിയെ വിട്ട് പോകേണ്ടി വന്നു. അങ്ങനെ കാവേരി ഒരു നദിയായി ഒഴുകിയെന്നാണ് വിശ്വാസം.

മറ്റൊരു കഥ ഇതാണ്. ബ്രഹ്മാവിന്റെ മകളാണ് വിഷ്ണുമായ. ഒരിക്കല്‍ കാവേര മഹര്‍ഷി ബ്രഹ്മാവിനോട് സന്താന ലബ്ദിക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട ബ്രഹ്മാവ് തന്റെ മകള്‍ വിഷ്ണുമായയെ കാവേര മഹര്‍ഷിക്ക് മകളായി നല്‍കി. കാവേരന്റെ മകള്‍ ആയതിനാലാണ് കാവേരിക്ക് ആ പേര് ലഭിച്ചത്.

കാവേരി നദിയില്‍ മൂന്ന് ദ്വീപുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ടെണ്ണം കര്‍ണാടകത്തിലും ഒരെണ്ണം തമിഴ്നാട്ടിലുമാണ്. ശിവാന സമുദ്രയില്‍ ആണ് ഒരു ദ്വീപ്. മൈസൂരിന് സമീപത്തുള്ള ശ്രീരംഗപട്ടണം. തമിഴ്നാട്ടിലെ ശ്രീരംഗം എന്നിവയാണ് മറ്റ് ദ്വീപുകള്‍.

നിരവധി പോഷക നദികള്‍ വന്ന് ചേരുന്ന നദി കൂടിയാണ് കാവേരി നദി, ഷിംഷ, ഹേമാവതി, കബിനി, അര്‍ക്കാവതി, ഹൊന്നുഹോളേ, ഭവാനി, ലോകപവാനി, അമരാവതി, നോയില്‍ തുടങ്ങിയ നദികളാണ് കാവേരി നദിയുടെ പ്രധാന പോഷക നദികള്‍.

ബാംഗ്ലൂരില്‍ കുടിവെള്ളം എത്തിക്കാന്‍ കാവേരി നദിയിലെ വെള്ളം തൊരെക്കാടനഹള്ളി എന്ന സ്ഥലത്താണ് സ്റ്റോര്‍ ചെയ്യുന്നത്. ഐടി നഗരമായ ബാംഗ്ലൂരിന്റെ പ്രധാന ജല സ്രോധസ് ഇതാണ്.

കുഡഗരുടെ ആദി ദേവതയാണ് കാവേരി. കാവേരിയെ അവര്‍ അമ്മയായിട്ടാണ് കരുതുന്നത്. കാവേരമ്മ എന്നാണ് കാവേരിയെ കുഡകര്‍ വിളിക്കുന്നത്.

കാവേരിയിടെ തീരത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് വിഷ്ണു ക്ഷേത്രങ്ങളേ ചേര്‍ത്ത് ത്രിരംഗ എന്ന് വിശേഷിപ്പിക്കാറുണ്ട്. ശ്രീരംഗപട്ടണത്തെ ആദി രംഗയെന്നും ശിവാന സമുദ്രത്തെ മധ്യ രംഗയെന്നും ശ്രീരംഗത്തെ അന്ത്യ രംഗ എന്നുമാണ് വിശേഷിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *