ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: ഒഞ്ചിയം – ഏറാമല തുരുത്തിമുക്കിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ നടത്തിയ തെരച്ചലിലാണ് തുരുത്തിമുക്ക് ചെറുകുളങ്ങര സികെ അനൂപിന്റെ (22) മൃതദേഹം കിട്ടിയത്.

വ്യാഴാഴ്ച വൈകുന്നേരം രണ്ടു സുഹൃത്തുക്കൾക്കൊപ്പം പുഴയുടെ മറുകരയായ കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിക്കു സമീപത്തേക്ക് നീന്തുമ്പോൾ അനൂപിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും, വടകരബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ സേന, കൂരാച്ചുണ്ട് സ്‌കൂബ ടീമും രാത്രിയും തെരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

രാവിലെ നാട്ടുകാർ നടത്തിയ തെരച്ചലിൽ ആറു മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

