മുലപ്പാൽ ബാങ്ക്: അമ്മിഞ്ഞപ്പാലിന്റെ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍

കോഴിക്കോട്: മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കിലൂടെ അമ്മിഞ്ഞപ്പാലിന്റെ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങൾ. 2021 സെപ്തംബർ 17നാണ് ബാങ്ക് ആരംഭിച്ചത്. രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ 3484 ദാതാക്കളിൽനിന്ന് 3,17,925 മില്ലിലിറ്റർ പാൽ ശേഖരിച്ചു. 2,94,370 മില്ലിലിറ്റർ പാൽ 4393 കുഞ്ഞുങ്ങൾക്ക് നൽകി. ഇതിൽ കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ കുഞ്ഞും ഉൾപ്പെടുന്നു.

സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ മുലപ്പാൽ ബാങ്കാണ് കോഴിക്കോട് മാതൃശിശുകേന്ദ്രത്തിലേത്. ഡോക്ടറുടെ നിർദേശപ്രകാരം അർഹരായ നവജാതശിശുക്കൾക്ക് ഇത്തരം പാൽ സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി പറഞ്ഞു.
