KOYILANDY DIARY.COM

The Perfect News Portal

ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ; പുതിയ ഉൽപ്പന്നങ്ങളുമായി കേരള സോപ്സ്

കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തുന്നു. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻഡ് വാഷ്, ഡിറ്റർജന്റ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്.

നിലവിൽ കേരളത്തിലെ ചുരുക്കം ഔട്ട്ലെറ്റുകളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നങ്ങൾ ഉടൻ തന്നെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമായിത്തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിലവിൽ കേരളത്തിന് പുറമെ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലും റിലയൻസിന്റെ 2500 ഓളം വരുന്ന ഔട്ട്ലെറ്റുകളിലും കേരള സോപ്സ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഈ മാസം തന്നെ സൗദി അറേബ്യയിലും കേരള സോപ്സ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി മന്ത്രി അറിയിച്ചു.

വൈവിധ്യവൽക്കരണത്തിനൊപ്പം ആധുനികവൽക്കരണവും കൃത്യമായി നടപ്പിലാക്കാൻ കേരള സോപ്സ് ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഫാക്ടറി ആധുനികവത്കരണത്തിന്റെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക്സ് പൗച്ച് സീലിംഗ് മെഷീൻ, ഓട്ടോമാറ്റിക് സാമ്പിൾ സോപ്പ് സ്റ്റാമ്പിങ് മെഷീൻ എന്നിവ ഫാക്ടറിയിൽ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തു.

Advertisements

ഇതിനൊപ്പം ലിക്വിഡ് ബോഡി വാഷ്, ഷവർജൽ, സാന്റൽ മഞ്ഞൾ സോപ്പ് എന്നിവ വിപണിയിൽ എത്തിക്കാനുള്ള അവസാന ഘട്ട പരീക്ഷണത്തിലാണ്. 
കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ്  വിപണിയിൽ കേരള സോപ്സിന്റെ  വിപണന ശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം  ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Share news