KOYILANDY DIARY.COM

The Perfect News Portal

പഴയ കലാമണ്ഡലത്തിന്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നു

ചെറുതുരുത്തിയിൽ പഴയ കലാമണ്ഡലത്തിന്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 10.50 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ഘട്ടമായി പഴയ കലാമണ്ഡലത്തിലെ കളരികളുടെയും, സെമിനാർ ഹാളിന്റെയും നവീകരണ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്. പാരമ്പര്യത്തനിമ നിലനിർത്തി ഉള്ളിൽ ആധുനിക സ്റ്റേജും അനുബന്ധ സംവിധാനവും ഒരുക്കും.

പ്രമുഖ കലാകാരന്മാരുടെ ഛായാചിത്രങ്ങൾ, മറ്റു പ്രദർശന വസ്തുക്കൾ എന്നിവ ഹാളിൽ വൈദ്യുതാലങ്കാരത്തോടെ ദൃശ്യവൽക്കരിക്കും. ചരിത്ര ആലേഖനം, പൂന്തോട്ടങ്ങൾ, വിശ്രമയിടം എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രങ്ങളിലും വിദ്വൽ സദസ്സുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കേരളീയകലകൾ അന്യം നിന്നുപോകുന്നത് തടയുന്നതിനായി ഈ മഹത്തായ സ്ഥാപനത്തിന് വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് 1930-ൽ തുടക്കമിട്ട പ്രസ്ഥാനമാണ് കേരള കലാമണ്ഡലം.

1957ലാണ് കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഗ്രാന്റ്‌ ഇൻ ഗ്രേഡ് സ്ഥാപനമാക്കിയത്. 1962 നവംബറിൽ കേരള ആർട്‌സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. 2006ൽ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ട കലാമണ്ഡലത്തിന് 2010ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷൻ (യുജിസി) എ കാറ്റഗറി പദവി നൽകി. കേരള കലാമണ്ഡലം സമ്പൂർണ സർവകലാശാലയായി ഉയർത്തുന്നതിനെക്കുറിച്ച് പഠിക്കാൻ സാംസ്‌കാരിക വകുപ്പ്  സ്‌പെഷ്യൽ ഓഫീസറെ നിയമിച്ച്  ഉത്തരവും അടുത്തിടെയിറങ്ങി.

Advertisements

 

Share news