ടിപ്പു കോട്ടയിൽ വീണ്ടും ഉദ്‌ഖനനം നടത്താൻ സാധ്യത

ഫറോക്ക്: സംരക്ഷിത ചരിത്ര സ്മാരകമായ ഫറോക്ക് ടിപ്പു കോട്ടയിൽ വീണ്ടും ഉദ്‌ഖനനം നടത്താൻ സാധ്യത. നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ നടത്തിയ പര്യവേക്ഷണങ്ങളുടെ തുടർച്ചയായിട്ടാകും പുതിയ ഖനനം. ആദ്യഘട്ടത്തിലെ ഉത്ഖനന കാലപരിധി അവസാനിച്ചതിനാൽ വീണ്ടും കേന്ദ്ര പുരാവസ്തു വിഭാഗത്തിൽ അപേക്ഷ നൽകി സെപ്തംബറിൽ അനുമതി ലഭ്യമാക്കാനാണ് പുരാവസ്തു വിഭാഗത്തിന്റെ നീക്കം.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായ 7.74 ഏക്കർ വിസ്തൃതിയിലുള്ള ടിപ്പു കോട്ടയെ സംരക്ഷിത ചരിത്ര സ്മാരകമായി സർക്കാർ പ്രഖ്യാപിച്ചത് 1991 നവംബറിലാണ്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ ഒമ്പതിന് പ്രാഥമിക പര്യവേക്ഷണം തുടങ്ങി. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ജിപിആർ സർവേ ഉൾപ്പെടെ നടത്തി നിരവധി അമൂല്യ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിരുന്നു.

നാണയങ്ങൾ, ലോഹങ്ങൾ, ബ്രിട്ടീഷ്, ചൈനീസ്, ഡച്ച് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ അതിപുരാതന വസ്തുക്കൾ എന്നിവ കണ്ടെത്തി. ടിപ്പുവിന്റെ കാലത്ത് നാണയമടിച്ചതിന്റെയും ആയുധപ്പുരയുടെയും മറ്റും ശേഷിപ്പുകളും കണ്ടെത്തിയിരുന്നു.

വൈകാതെ അടുത്ത ഉദ്‌ഖനനത്തിനുള്ള കേന്ദ്രാനുമതി ലഭ്യമാക്കാനാകുമെന്ന് പര്യവേക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ. കൃഷ്ണരാജ് പറഞ്ഞു. സംസ്ഥാന സർക്കാർ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ബഹുമുഖ പദ്ധതി ആലോചിച്ചുവരികയാണ്. കോടതി വ്യവഹാരങ്ങൾ നീളുന്നത് വികസന പദ്ധതികൾക്ക് വിലങ്ങുതടിയാകുന്നു.
