വ്യാജ സ്വർണനാണയത്തട്ടിപ്പ് കേസ്; ആറ് കർണാടക സ്വദേശികൾ പിടിയിൽ

വടകര: വ്യാജ സ്വർണനാണയത്തട്ടിപ്പ് കേസിൽ ആറ് കർണാടക സ്വദേശികളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗലൂരിലെ കുമാർ മഞ്ജുനാഥ് (47), മാതാപുരം സ്വദേശികളായ വീരേഷു (40), ചന്ദ്രപ്പ (45), ശിവമോഗ സ്വദേശികളായ മോഹൻ (35), നടരാജ് (27), തിമ്മേഷ് (34) എന്നിവരാണ് പിടിയിലായത്. കുരിയാടി സ്വദേശി കൈതവളപ്പിൽ രാജേഷിന് വ്യാജ സ്വർണനാണയം നൽകി തട്ടിപ്പ് നടത്തിയ സംഘം രാജേഷിന്റെ സുഹൃത്തിനെ സമീപിച്ചപ്പോൾ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

രാജേഷിന് മുമ്പ് കർണാടകത്തിൽവച്ചാണ് വ്യാജ സ്വർണനാണയങ്ങൾ നൽകി പണം വാങ്ങി കബളിപ്പിച്ചത്. ഈ സംഭവത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നൽകിയ പരാതിയിൽ വടകര പൊലീസ് കേസെടുത്തിരുന്നു. ബംഗളൂരുവിൽ ഉൾപ്പെടെ എത്തി അന്വേഷിച്ചെങ്കിലും കേസ് തെളിയിക്കാനായില്ല.

ഏഴുമാസത്തിനുശേഷം പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കുമാർ മഞ്ജുനാഥ്, വീരേഷു, നടരാജ് എന്നിവരായിരുന്നു പ്രതിപ്പട്ടികയിൽ. വീണ്ടും രാജേഷിന്റെ സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ട് സ്വർണവിൽപ്പന നടത്താൻ വടകരയിൽ എത്തിയതായിരുന്നു സംഘം. ഇവർ സഞ്ചരിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
