ഭർതൃവീട്ടിൽ യുവതിക്ക് മർദനം: ഭർത്താവും സഹോദരങ്ങളും പിടിയിൽ

നാദാപുരം: ചാലപ്പുറത്തെ ഭർതൃവീട്ടിൽ യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവിനെയും സഹോദരങ്ങളെയും ഡൽഹിയിൽ നാദാപുരം പൊലീസ് പിടികൂടി. ചാലപ്പുറത്തെ പിലാവുള്ളതിൽ കുന്നോത്ത് ജാഫർ, സഹോദരങ്ങളായ ജസീർ, അമീർ എന്നിവരെയാണ് നാദാപുരം ഡിവൈഎസ്‌പിയുടെ സംഘം പിടികൂടിയത്.

ഏപ്രിൽ മൂന്നിന് ജാഫറും മാതാപിതാക്കളും സഹോദരങ്ങളും ചേർന്ന് വടകര കീഴൽ സ്വദേശിനിയായ റൂബിനയെ മർദിച്ചെന്നാണ് പരാതി. തുടർന്ന് രാത്രി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് മോചിപ്പിച്ചത്. ചവിട്ടേറ്റ് റുബീനയുടെ വലതുകണ്ണിന്റെ കാഴ്ചക്ക് തകരാറുണ്ടായതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായിരുന്നു.

സംഭവത്തിനുശേഷം എറണാകുളത്ത് ഒളിവിൽ താമസിക്കുമ്പോൾ ഹോട്ടലിൽ നൽകിയ ഫോൺ നമ്പറാണ് പ്രതികളിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. എസ്ഐ എ പി സത്യൻ, എഎസ്ഐ മനോജ് രാമത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ലതീഷ്, രാജേഷ് കുമാർ, സദാനന്ദൻ എന്നിവരാണ് മൂന്നുപേരെയും പിടികൂടിയത്.
