സെല്ലി കീഴൂരിൻ്റെ പുതിയ കവിത ” സെലിബ്രിറ്റി ”

സെല്ലി കീഴൂരിൻ്റെ പുതിയ കവിത ” സെലിബ്രിറ്റി ”
എനിക്ക്,
ഊശാന്താടിയില്ല
കറ പുരണ്ട പല്ലുകളില്ല
നീട്ടി വളർത്തിയ ജഡകളില്ല
ചുണ്ടിൽ എരിയുന്ന
‘ഇടുക്കി ഗോൾഡി’ല്ല
തോളിൽ ഭാരം പേറുന്ന
തുണി സഞ്ചിയില്ല
കവിയരങ്ങിലെ നിറ സാനിദ്ധ്യമായ്
വിഡ്ഡിത്തം വിളിച്ചു പറയാനുള്ള
തൊലി കട്ടിയില്ല
ഫിലിം ഫെസ്റ്റിലെ ആളൊഴിഞ്ഞ
കസേരയിലെ ഇഴഞ്ഞു നീങ്ങുന്ന
സിനിമ കണ്ട് ബുദ്ധിജീവി നാട്യത്തിൽ
ഒന്നും മനസ്സിലാകാതെ
ഇരിക്കാനുള്ള മനക്കട്ടിയില്ല
2 നേരം കുളിക്കുകയും
പല്ലു തേക്കുകയും
മനസ്സിൽ തോന്നുന്നത്
മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ
പറയുന്നതും കൊണ്ട്
അവാർഡിൻ്റെ ബഹളമില്ല
പാപ്പരസികളുടെ കടന്ന്
കയറ്റമില്ല
ചുരക്കി പറഞ്ഞാൽ
എന്നെ,
അധികമാർക്കും അറിയുകയുമില്ല
അതുകൊണ്ട് സെലിബ്രിറ്റി ഭാരം ഞാനൊട്ട്
പേറുന്നുമില്ല !!!
സെല്ലി കീഴൂർ
