നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കൈയേറ്റം

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കൈയേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ചൊവ്വ രാത്രി 12ന് കൈയേറ്റം ചെയ്തത്. ശരത് (33) എന്ന പേരിലെടുത്ത ഒ പി ടിക്കറ്റുമായി വന്നയാളും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇതില്‍ രണ്ടുപേര്‍ക്ക് ചെവി വേദനയെന്നുപറഞ്ഞാണ് എത്തിയത്.

ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുകയും നെബുലൈസേഷന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെ കൂടെയുള്ള മറ്റൊരാള്‍കൂടി തനിക്ക് ചെവിവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ നഴ്സ് ഒ പി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഒപി ടിക്കറ്റെടുക്കാതെ മരുന്ന് എഴുതാനാകില്ലെന്ന് ഡോക്ടറും അറിയിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർ പറഞ്ഞു.

അധികൃതർ പൊലീസിനെ അറിയിക്കുന്നതിനിടെ പ്രശ്നമുണ്ടാക്കിയവർ രക്ഷപ്പെട്ടു. നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ജീവനക്കാർ ആശുപത്രിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡോ. പി ജയേഷ്, സൂപ്രണ്ട് ജമീല, ഡോ. ലിനീഷ്, ഡോ. സന്തോഷ്, സുരേന്ദ്രൻ കല്ലേരി എന്നിവർ സംസാരിച്ചു.
