KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മഹാരാജന്‍ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മഹാരാജന്‍ മരിച്ചു. 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മഹാരാജനെ പുറത്തെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 10ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഞായര്‍ രാത്രി വൈകിയും തുടര്‍ന്നു. മഹാരാജന്റെ കൈപ്പത്തി മണ്ണിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന നിലയിലായിരുന്നു . 90 അടിയോളം ആഴ്ചയുള്ള കിണറിലാണ് മഹാരാജന്‍ അകപ്പെട്ടത്.

വെങ്ങാനൂര്‍ നെല്ലിയറത്തലയില്‍ താമസിക്കുന്ന തമിഴ്‌നാട് പാര്‍വതിപുരം സ്വദേശി മഹാരാജന്‍ (55) ശനിയാഴ്ച രാവിലെ 9.15നാണ് മണ്ണിനടിയിലായത്. മുക്കോല സര്‍വശക്തിപുരം റോഡില്‍ സുകുമാരന്റെ വീട്ടിലെ കിണറ്റില്‍ പഴയ കോണ്‍ക്രീറ്റ് ഉറയുടെ (റിങ്) മുകളില്‍ പുതിയ ഉറകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. ഞായര്‍ രാവിലെ മുതല്‍ മണ്ണും വെള്ളവും കോരി മാറ്റാന്‍ ശ്രമം തുടങ്ങിയെങ്കിലും കൂടുതല്‍ മണ്ണിടിഞ്ഞുവീണു. നീരുറവ കൂടുതലായതിനാല്‍ രണ്ടു പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനായിരുന്നു ശ്രമം. മണ്ണിടിച്ചില്‍ നിര്‍ത്താന്‍ കിണറില്‍ ഇരുമ്പ് റിങ് സ്ഥാപിച്ചു. ഞായറാഴ്ച രാത്രിയോടെ കൊല്ലം പൂയപ്പള്ളിയില്‍നിന്നുള്ള കിണര്‍വെട്ട് സംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Advertisements

മഹാരാജന്റെ ദേഹത്ത് 15 അടിയോളം പൊക്കത്തില്‍ മണ്ണും പുതുതായി ഇറക്കിയ കോണ്‍ക്രീറ്റ് ഉറകളും പൊട്ടിവീണു. ഇതില്‍ 16 കോണ്‍ക്രീറ്റ് ഉറകളുടെ അവശിഷ്ടങ്ങള്‍ നീക്കി. കിണറ്റിലെ മോട്ടോര്‍ പമ്പ് കപ്പിയും കയറും ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഡെപ്യൂട്ടി കലക്ടര്‍ ജയമോഹന്‍, റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജ്, സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ടി കെ അജയ്, ടി രാമമൂര്‍ത്തി, വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്‌ ഐ സമ്പത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
 

Share news